കാസര്‍കോട് - അവിവാഹിതയാണെന്ന പരിഗണന നല്കി മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് കോടതിയോട് വ്യാജ രേഖ കേസിലെ പ്രതി മുന്‍ എസ് എഫ് ഐ നേതാവ് കെ.വിദ്യ. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി കാസര്‍കോട്ടെ കരിന്തളം ഗവണ്മെന്റ് കോളേജില്‍ ജോലി നേടിയ സംഭവത്തില്‍ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. ജാമ്യ ഹര്‍ജി ഈ മാസം 24 ന് കോടതി പരിഗണിക്കും. അവിവാഹിതയാണെന്ന പരിഗണന നല്‍കണമെന്നും ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, അട്ടപ്പാടി കോളേജില്‍ വ്യാജ രേഖ ചമച്ചെന്ന കേസിലും പ്രതിയായ വിദ്യ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യന് തോമസിന്റെ ബഞ്ചിലാണ് ഹര്‍ജി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി വിദ്യ ഒളിവിലാണ്.