കൊച്ചി - വിവാഹ മോചിതയായ യുവതിയെ ചെറായി ബീച്ചില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തിനെയാണ് വടക്കന്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2017 ആഗസ്റ്റ് 11 ന് ചെറായി ബീച്ചില്‍ വെച്ച് എറണാകുളം വരാപ്പുഴ സ്വദേശി ശീതളിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. ജീവപര്യന്തം ശിക്ഷയെക്കൂടാതെ മൂന്ന് ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി ഉത്തരവിലുണ്ട്. ഇതില്‍ രണ്ട് ലക്ഷം രൂപ ശീതളിന്റെ മകന് നല്‍കാനാണ് കോടതി ഉത്തരവ്. വിവാഹബന്ധം വേര്‍പ്പെടുത്തി നില്‍ക്കുകയായിരുന്ന ശീതള്‍ പ്രശാന്തുമായി അടുപ്പത്തിലായിരുന്നു. ശീതളിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം. സംഭവ ദിവസം ബീച്ചിലെത്തിയ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും പ്രശാന്ത് കത്തി ഉപയോഗിച്ച് ശീതളിനെ ആക്രമിക്കുകയായിരുന്നു. ശീതളിന് പത്തിലേറെ കുത്തേറ്റു. ഓടി രക്ഷപ്പെട്ട ശീതളിനെ സമീപത്തെ റിസോര്‍ട്ട് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.