മക്ക - ഈ വർഷത്തെ ഹജ് കാലത്ത് ഹാജിമാരെ ലക്ഷ്യമിട്ട് ഹറംകാര്യ വകുപ്പ് വിശുദ്ധ ഹറമിലെ മൂന്നാം സൗദി വികസന ഭാഗത്ത് 100 ാം നമ്പർ കവാടത്തിനു സമീപം എക്‌സിബിഷൻ ആരംഭിച്ചു. ഹജ് തീർഥാടകരുടെ സാംസ്‌കാരിക അനുഭവം സമ്പന്നമാക്കാൻ ലക്ഷ്യമിട്ടുള്ള എക്‌സിബിഷനിൽ എല്ലാ ദിവസവും രാവിലെ എട്ടു മുതൽ രാത്രി ഒമ്പതു വരെ സന്ദർശകരെ സ്വീകരിക്കുമെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി എൻജിനീയർ മാഹിർ അൽസഹ്‌റാനി പറഞ്ഞു. സംസം വെള്ളം, കഅ്ബാലയം, കിസ്‌വ എന്നിവ അടക്കമുള്ളവയെ കുറിച്ച ചരിത്ര വിവരങ്ങളും ഹറമുമായി ബന്ധപ്പെട്ട പുരാവസ്തുക്കളും മറ്റും എക്‌സിബിഷനിലുണ്ട്. ഹറം മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന വസ്തുക്കളുടെ വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യയിലും ത്രീഡി സാങ്കേതിക വിദ്യയിലുമുള്ള വെർച്വൽ എക്‌സിബിഷനും പ്രദർശനത്തിന്റെ ഒരു ഭാഗത്ത് അടങ്ങിയിരിക്കുന്നതായി എൻജിനീയർ മാഹിർ അൽസഹ്‌റാനി പറഞ്ഞു.