റിയാദ്- വേൾഡ് എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കുന്നതിനായി സൗദി അറേബ്യ 7.8 ബില്യൺ ഡോളർ (29.3 ബില്യൺ സൗദി റിയാൽ) അനുവദിച്ചതായി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. അവിസ്മരണീയ മാറ്റങ്ങൾക്കും പുരോഗതിക്കും എക്സ്പോ അവസരങ്ങൾ പ്രദാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
2030-ൽ വേൾഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള റിയാദിന്റെ ശ്രമത്തെ പിന്തുണയ്ക്കുന്നതിനായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പാരീസിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ പങ്കെടുത്തിരുന്നു. 179 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
സുപ്രധാന പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ നാല് രാജ്യങ്ങൾ തങ്ങളുടെ ഔദ്യോഗിക ഫയലുകൾ സമർപ്പിച്ചതായാണ് റിപ്പോർട്ട്. സൗദി അറേബ്യക്ക് പുറമെ തെക്കൻ കൊറിയ (ബുസാൻ), ഇറ്റലി (റോം), ഉക്രൈൻ (ഒഡെസ) എന്നിവയാണ് വേൾഡ് എക്സ്പോക്ക് വേണ്ടി ശ്രമിക്കുന്നത്.
അടുത്ത നവംബറിൽ നടക്കുന്ന 171-ാമത് ബി.ഐ.ഇ ജനറൽ അസംബ്ലിയിൽ അംഗരാജ്യങ്ങൾ വോട്ട് ചെയ്താണ് എക്‌സ്‌പോ 2030-ന് ആതിഥ്യമരുളുന്ന രാജ്യത്തെ തെരഞ്ഞെടുക്കുക.