ദമാം-സി.പി.എം സെക്രട്ടറി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ദമാം ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
കണ്ണൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ എന്നും സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്നു കെ.സുധാകരൻ. കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്ത നാൾ മുതൽ കൂടുതൽ ശക്തമായി സി.പി.എം അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങി.അതിന്റെ ഏറ്റവും അവസാനത്തെ നടപടിയാണ് അദ്ദേഹം പോക്‌സോ കേസിൽ പ്രതിയാണെന്ന തരംതാണ സി.പി.എം സെക്രട്ടറിയുടെ പ്രസ്താവന.
ഈ പ്രസ്താവന പിൻവലിച്ച് സി.പി.എം സെക്രട്ടറി ഗോവിന്ദൻ പൊതുസമൂഹത്തോട് മാപ്പ് പറയണം. രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം പിണറായി വിജയനും സംഘവും പലവട്ടം കൊല്ലാൻ നോക്കിയിട്ടും ആയുസ്സിന്റെ ബലവും പ്രവർത്തകരുടെ പിന്തുണയും കൊണ്ട് മാത്രം രക്ഷപ്പെട്ടു പോയ മനുഷ്യനാണ് കെ.സുധാകരൻ. ഗുണ്ട, കൊലയാളി എന്നിങ്ങനെയുള്ള നിറം പിടിപ്പിച്ച കള്ളക്കഥകൾ കൊണ്ട് പ്രതിഛായ തകർക്കാൻ പതിറ്റാണ്ടുകളായി ശ്രമിച്ചിട്ടും സുധാകരനെ ജനം ചേർത്തു പിടിച്ചിട്ടേയുള്ളൂ എന്നും ഒ.ഐ.സി.സി ആലപ്പുഴ ജില്ല പ്രസിഡന്റ് നിസാർ മാന്നാർ പറഞ്ഞു.
ബ്രണ്ണൻ കോളേജിലെ വിദ്യാഭ്യാസ കാലഘട്ടം മുതൽ രാഷ്ട്രീയ ജീവിതത്തിൽ പിണറായി വിജയന്റെ പേടിസ്വപ്‌നമാണ് സുധാകരൻ. ആൾബലം ഇല്ലാതെ കെ.സുധാകരന്റെ നേർക്കുനേർ നിന്ന് സംസാരിക്കാൻ പോലും ധൈര്യപ്പെടാത്ത പിണറായി വിജയൻ മുഖ്യമന്ത്രിക്കസേരയിലിരുന്ന് നാണംകെട്ട കളികൾ കളിക്കുകയാണ്. എസ്.എഫ്.ഐ നേതാക്കളുടെ വിദ്യാഭ്യാസ മേഖലയിലെ തട്ടിപ്പുകളും മാധ്യമ പ്രവർത്തകരെ ജയിലിൽ അടക്കുമെന്ന പാർട്ടി സെക്രട്ടറിയുടെ പ്രസ്താവനയും പൊതുജനം മനസ്സിലാക്കിയപ്പോൾ വാർത്ത തിരിച്ചു വിടാനുള്ള ഗീബൽസിയൻ തന്ത്രങ്ങൾ മാത്രമാണ് ഇത്തരം യാതൊരു കഴമ്പുമില്ലാത്ത ആരോപണങ്ങൾ. പിണറായിയുടെ പോലീസ് പോലും പറയാത്ത ഗുരുതരമായ ആരോപണങ്ങളുമായാണ് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.രാഷ്ട്രീയ എതിരാളികൾക്കെതിരെ ലൈംഗിക അപവാദം പറയുന്നതാണ് എക്കാലത്തും സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രവർത്തനം. രാഷ്ട്രീയ പ്രവർത്തനം എന്ന പേരിൽ ലൈംഗിക അരാജകത്വം കൊണ്ടാടിയ നിരവധി നേതാക്കൾ സി.പി.എമ്മിന്റെ ചരിത്രത്തിൽ ഉണ്ടാകാം. ആ അളവുകോൽ വെച്ച് കെ.സുധാകരനെ പോലെയുള്ള ജനനേതാക്കളെ അളക്കരുതെന്നും നിസാർ മാന്നാർ പറഞ്ഞു.
ആന്തൂർ മുനിസിപ്പാലിറ്റിയിൽ എം.വി. ഗോവിന്ദന്റെ ഭാര്യ ശ്യാമളയുടെ ഏകാധിപത്യ നിലപാട് കാരണം ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യക്കെതിരെ അവിഹിതം ആരോപിച്ചതും പ്രചരിപ്പിച്ചതും ഇതേ ഗോവിന്ദനും കൂട്ടരുമാണെന്ന് പൊതുജനം മറന്നിട്ടില്ല. ഇക്കിളിക്കഥകൾ ഇല്ലെങ്കിൽ പാർട്ടി പ്രവർത്തനത്തിന് ആളെ കിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ കരുതുന്നുണ്ടാകാം þ-നിസാർ മാന്നാറും ജനറൽ സെക്രട്ടറി ജോണി പുതിയറയും പത്രക്കുറുപ്പിൽ ആവശ്യപ്പെട്ടു.