Sorry, you need to enable JavaScript to visit this website.

​ഗൾഫിലുള്ളവരോട് ചോദിച്ചു മനസ്സിലാക്കാൻ ‍കെ.‍ടി.ജലീലിന്റെ അഭ്യർഥന

മലപ്പുറം-സംസ്ഥാനത്തെ എ.ഐ. ക്യാമറകൾ മറയ്ക്കാൻ ശ്രമിക്കുന്നവർ ​ഗൾഫിലുള്ളവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കണമെന്ന് കെ.ടി.ജലീൽ എം.എൽ.എ. കേരളത്തിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് വിദേശ നാടുകളിൽ പണിയെടുക്കുന്നത്. അവിടങ്ങളിലെല്ലാം മോട്ടോർ വാഹന നിയമങ്ങൾ എങ്ങിനെയാണ് കിറുകിറുത്യം പാലിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ യുവജന നേതാക്കൾ ചോദിച്ച് മനസ്സിലാക്കിയാൽ നന്നാകും-കെ.ടി.ജലീൽ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ് ബുക്ക് കുറിപ്പ് വായിക്കാം
എ.ഐ ക്യാമറകൾ സർക്കാരിന് പണമുണ്ടാക്കാനോ?
AI (ആർടിഫിഷ്യൽ ഇൻ്റെലിജൻസ്) ക്യാമറകൾ കുട്ടവെച്ചും കീറത്തുണി എറിഞ്ഞും മറക്കാനുള്ള സമരാഭാസത്തിൽ വ്യാപൃതരായിരിക്കുകയാണല്ലോ കേരളത്തിലെ പ്രതിപക്ഷ യുവജന സംഘടനകൾ. ലോകത്തെല്ലായിടത്തും ജനങ്ങൾ നിയമം അനുസരിക്കുന്നത്ത് കനത്ത പിഴയും കടുത്ത ശിക്ഷയും പേടിച്ചാണ്. അല്ലാതെ അവരുടെയൊന്നും ഉയർന്ന ധാർമ്മിക ബോധം കൊണ്ടല്ല. ധാർമ്മിക ചിന്തയിൽ പ്രചോദിതരായി നിയമലംഘനം നടത്താത്തവർ അത്യപൂർവ്വമാകും.
കേരളത്തിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് വിദേശ നാടുകളിൽ പണിയെടുക്കുന്നത്. അവിടങ്ങളിലെല്ലാം മോട്ടോർ വാഹന നിയമങ്ങൾ എങ്ങിനെയാണ് കിറുകിറുത്യം പാലിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ യുവജന നേതാക്കൾ ചോദിച്ച് മനസ്സിലാക്കിയാൽ നന്നാകും. കേരളത്തിൽ എ.ഐ ക്യാമറകൾ വേണ്ടെന്ന് വാശിപിടിക്കുന്നവർ ഇതര സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ പോകുമ്പോൾ മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാൻ സൂക്ഷ്മത പാലിക്കാറുണ്ടല്ലോ? കീശയിൽ പിടിവീഴുമെന്നോ കടുത്ത ജയിൽ ശിക്ഷ ലഭിക്കുമെന്ന് വരുമ്പോഴോ അല്ലാതെ സാധാരണഗതിയിൽ ആരും നിയമം അനുസരിക്കാൻ മുന്നോട്ടു വരാറില്ല.
കേരളത്തിൽ എ.ഐ ക്യാമറകൾ പ്രവർത്തിക്കാൻ തുടങ്ങിയതു മുതൽ ഇതുവരെയായി മോട്ടോർ വാഹന അപകടങ്ങൾ കുറവാണ്. ഈ സംവിധാനം വ്യാപിപ്പിക്കുന്നതിലൂടെ മാത്രമേ റോഡുകളിൽ പൊലിയുന്ന ആയിരക്കണക്കിന് ജീവനുകൾ സംരക്ഷിക്കാനാകൂ. ഗൾഫ് നാടുകളിലടക്കം വിദേശ രാഷ്ട്രങ്ങളിൽ മോട്ടോർ വാഹന നിയമങ്ങൾ അനുസരിപ്പിക്കാൻ പിഴ ചുമത്തുന്നത് പൊതു ഖജനാവിലേക്ക് പണമുണ്ടാക്കാനാണെന്ന് ആ രാജ്യങ്ങളിലെ ഏതെങ്കിലും "തലതിരിഞ്ഞവർ"പറഞ്ഞതായി അറിവില്ല. മോട്ടോർ ബൈക്കുകളിൽ കളിച്ച് ചിരിച്ച് പുറത്തു പോകുന്ന നമ്മുടെ മക്കളുടെ ചലനമറ്റ കീറിമുറിച്ച മൃതദേഹങ്ങൾ നമ്മുടെ പൂമുഖത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാനാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
കേരളത്തിലെ ആളുകളുടെ ജീവനുകൾക്ക് പ്രതിപക്ഷം ഒരുവിലയും കൽപിക്കുന്നില്ലേ? നിയന്ത്രണങ്ങളും പിഴ ചുമത്തലുകളും ജനങ്ങൾക്കു വേണ്ടിയാണ്. അവരുടെ ജീവൻ പരിരക്ഷിക്കാനാണ്. അവരെ അംഗ പരിമിതരാകുന്നതിൽ നിന്ന് പ്രതിരോധിക്കാനാണ്. നട്ടെല്ലിന് ക്ഷതമേറ്റ് ജീവിത കാലം മുഴുവൻ ഒന്നനങ്ങാനാകാതെ കിടക്കപ്പായയിൽ കിടന്ന് നരകിക്കുന്നതിൽ നിന്ന് അവരെ രക്ഷപ്പെടുത്താനാണ്. നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയാണ്. അവരുടെ സംരക്ഷണത്തിനു വേണ്ടിയാണ്.

 

Latest News