Sorry, you need to enable JavaScript to visit this website.

ഏക സിവിൽകോഡ് നടപ്പിലാക്കാനുള്ള ശ്രമം രാഷ്ട്ര താൽപര്യത്തിനെതിര് -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട് - രാജ്യത്ത് ഏക സിവിൽകോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്തിന്റെ താൽപര്യത്തിനെതിരാണെന്നും പൗരസ്വാതന്ത്ര്യത്തിനെതിരായ കയ്യേറ്റമാണെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുർറഹ്മാൻ അഭിപ്രായപ്പെട്ടു. 

വിവിധ ജാതി, മത വിഭാഗങ്ങൾ ഒന്നിച്ചു പുലരുക എന്ന രാജ്യത്തിന്റെ അടിത്തറയെയാണ് ഏക സിവിൽകോഡ് നടപ്പിലാക്കാനുള്ള തീരുമാനം വെല്ലുവിളിക്കുന്നത്. വലിയ പ്രത്യാഘാതമാണ് ഏക സിവിൽകോഡ് സമൂഹത്തിൽ സൃഷ്ടിക്കുക. ഏതെങ്കിലും ഒരു വിഭാഗം മാത്രമാണ് ഏക സിവിൽകോഡിനെതിരെന്നും അവരെ മാത്രമാണ് അത് ബാധിക്കുകയെന്നതും സംഘ്പരിവാർ നടത്തുന്ന തെറ്റായ പ്രചാരണമാണ്. മറ്റ് മത, ജാതി വിഭാഗങ്ങളെ ഏക സിവിൽകോഡിന് അനുകൂലമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ബഹുസ്വരതയും നാനാത്വവും സാംസ്‌കാരിക വൈവിധ്യവുമാണ് രാജ്യത്തിന്റെ കരുത്ത്. വ്യത്യസ്ത സിവിൽ കോഡുകൾ നിലനിൽക്കുമ്പോഴാണ് പൂർണാർഥത്തിൽ പൗരസ്വാതന്ത്ര്യം സാധ്യമാവുക. ഒരു രാജ്യത്തിന് എല്ലാം ഒന്ന് മതിയെന്നത് ഫാഷിസ്റ്റ് രീതിയാണ്. ഇത് അംഗീകരിക്കാനാവില്ല. രാജ്യത്ത് മുൻതൂക്കമുള്ള വിഭാഗത്തിന്റെ നിയമങ്ങൾ മറ്റെല്ലാവരുടെയും മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും ഇതിനെതിരെ എല്ലാ വിഭാഗങ്ങളും രംഗത്തു വന്ന് ശക്തമായ പ്രക്ഷോഭം രൂപപ്പെടേണ്ടതുണ്ടെന്നും മുജീബുർറഹ്മാൻ പറഞ്ഞു.
 

Latest News