കോട്ടയം - ബാങ്ക് ജപ്തി ഭീഷണിയ്ക്ക് പിന്നാലെ വയോധികൻ ആത്മഹത്യ ചെയ്തു. കോട്ടയം പുളിഞ്ചുവടിന് സമീപം കാരേപ്പറമ്പിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (77) ആണ് ജീവനൊടുക്കിയത്.
കൂലിപ്പണിക്കാരനായ ഗോപാലകൃഷ്ണൻ 2018-ൽ വീട് നിർമാണത്തിനായി ഫെഡറൽ ബാങ്കിൽ നിന്ന് പത്തുലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഇത് കുടിശികയായതിനെ തുടർന്ന് ബാങ്ക് അധികൃതർ വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബം പറയുന്നത്. എന്നാൽ, സംഭവത്തിൽ പ്രതികരിക്കാനില്ലെന്നും ഹെഡ് ഓഫിസിൽ നിന്ന് പ്രതികരിക്കുമെന്നും ഫെഡറൽ ബാങ്ക് മാനേജർ വ്യക്തമാക്കി.
വായ്പയിലേക്ക് ഒരു ലക്ഷം രൂപ അടച്ചിരുന്നുവെന്ന് കുടുംബം പ്രതികരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ. പോസ്റ്റ് മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.