പ്രതികൂല സാഹചര്യങ്ങളിലും കേരള ടൂറിസം മുന്നേറുകയാണ്. കഴിഞ്ഞ വർഷം 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. 2022 ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, വയനാട് എന്നിവയാണ് മുന്നിലുള്ള മറ്റു ജില്ലകൾ. കോവിഡിന് മുമ്പ് ഒരു വർഷക്കാലയളവിൽ കേരളത്തിലേക്കെത്തിയ പരമാവധി ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022 ൽ ഇത് 1,88,67,414 ആയി ഉയർന്നു. 2.63 ശതമാനം വളർച്ചയാണ് നേടിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകൾ സർവകാല റെക്കോർഡ് കൈവരിച്ചു. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട, ഇടുക്കി, വയനാട്, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ്. കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളും സർക്കാർ കാര്യമായി പരിഗണിച്ചു വരികയാണ്.
കേരളത്തിലെ ഒമ്പത് ജില്ലകളിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് നടപ്പാക്കുന്നതിന്റെ ഭാഗമായി തങ്കശ്ശേരിയിലും പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കവേയാണ് ഇത് പറഞ്ഞത്.
കൊല്ലം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് തങ്കശ്ശേരി. കടലിന്റെ പശ്ചാത്തലത്തിൽ അഞ്ചരക്കോടി രൂപ ചെലവഴിച്ച് ടൂറിസം വകുപ്പ് പണിത തങ്കശ്ശേരി ബ്രേക്ക് ടൂറിസം പാർക്ക് സഞ്ചാരികൾക്ക് ഒരു പുതിയ അനുഭവമായിരിക്കും.
ഡ്രൈവ് ഇൻ ബീച്ചും വാട്ടർ സ്പോർട്സ് സംവിധാനങ്ങളും ഒരുക്കി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ബീച്ച് ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും. ഡ്രൈവ് ഇൻ ബീച്ചും വാട്ടർ സ്പോർട്സ് സംവിധാനങ്ങളും ഒരുക്കി കൂടുതൽ സഞ്ചാരികളെ ആകർഷിക്കും. ടൂറിസം കേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനോടൊപ്പം കോളേജുകളിൽ ആരംഭിച്ച ടൂറിസം ക്ലബ്ബുകളെ കൂടി പ്രയോജനപ്പെടുത്തി സഞ്ചാരികൾക്ക് മെച്ചപ്പെട്ട ടൂറിസം അന്തരീക്ഷം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് 5.55 കോടി രൂപ ചെലവഴിച്ച് ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതി തങ്കശ്ശേരിയിൽ പൂർത്തീകരിച്ചത്.
400 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, കടൽക്കാഴ്ചകൾ ആസ്വദിക്കാൻ വ്യൂ ടവർ, സുരക്ഷ ഭിത്തി, കടലിന് അഭിമുഖമായി ഇരിപ്പിടങ്ങൾ, സൈക്കിൾ ട്രാക്ക്, കിയോസ്‌കുകൾ, റാമ്പ്, കുട്ടികളുടെ കളിസ്ഥലം, നടപ്പാതകൾ, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ടോയ്ലറ്റ് ബ്ലോക്ക്, ബോട്ട് ജെട്ടി, റെസ്റ്റോറന്റ്, ബോട്ടിങും, വാട്ടർ സ്പോർട്സ് സംവിധാനങ്ങളും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. എം. മുകേഷ് എം.എൽ.എ അധ്യക്ഷനായി.