മക്ക - മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കേന്ദ്രങ്ങളിൽ സൗദി ജവാസാത്ത് മേധാവി ജനറൽ സുലൈമാൻ അൽയഹ്യ സന്ദർശനങ്ങൾ നടത്തി. ശുമൈസി, അൽകർ, അൽതൻഈം, അൽബുഹൈത്ത എന്നീ ചെക്ക് പോസ്റ്റുകളിൽ കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിച്ച ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കേന്ദ്രങ്ങളിലാണ് ജവാസാത്ത് മേധാവി സന്ദർശനങ്ങൾ നടത്തിയത്.
ഹജ് പെർമിറ്റില്ലാതെ നിയമം ലംഘിച്ച് ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താൻ ശ്രമിച്ച് മക്കക്കു സമീപത്തെ ചെക്ക് പോസ്റ്റുകളിൽ വെച്ച് സുരക്ഷാ വകുപ്പുകളുടെ പിടിയിലാകുന്നവരുടെ കേസുകൾ പരിശോധിച്ച് ശിക്ഷകൾ പ്രഖ്യാപിക്കുന്ന ചുമതലയാണ് ചെക്ക് പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾക്കുള്ളത്. നീതിപൂർവമായ വിചാരണ ഉറപ്പുവരുത്തി കുറ്റക്കാർക്കുള്ള ശിക്ഷകൾ വേഗത്തിൽ നടപ്പാക്കുകയാണ് ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ ചെയ്യുന്നതെന്ന് ജനറൽ സുലൈമാൻ അൽയഹ്യ പറഞ്ഞു.
ഹജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താൻ ശ്രമിച്ച് കുടുങ്ങുന്നവർക്ക് ആറു മാസം വരെ തടവും 50,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്ന നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് ഡൈ്രവർമാർക്ക് ഇരട്ടി തുക പിഴ ലഭിക്കും. നിയമ ലംഘകരെ കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങൾ നിയമ നടപടികളിലൂടെ കണ്ടുകെട്ടുകയും ചെയ്യും. നിയമ ലംഘകരെ കടത്താൻ ശ്രമിച്ച് കുടുങ്ങുന്ന വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ വിസകളിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇത്തരക്കാർക്ക് വിലക്കുമേർപ്പെടുത്തും.