Sorry, you need to enable JavaScript to visit this website.

പഴുപ്പ് കൂടി, കാൽ മുറിക്കണമെന്ന് ഡോക്ടർ; ആശുപത്രിയിൽനിന്ന് മുങ്ങിയ 60-കാരൻ പുഴയിൽ ചാടി, രക്ഷിച്ചു

കൊച്ചി - പ്രമേഹം കൂടിയതിനെത്തുടർന്ന് കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർ നിർദേശിച്ചതിന്റെ വിഷമത്തിൽ പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച 60-കാരനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ഇടതുകാലിന് മുറിവുപറ്റി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വാരാപ്പുഴ സ്വദേശി ഇവിടെ നിന്നും മുങ്ങി വരാപ്പുഴ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. 
  ആശുപത്രിയിൽ കൂടെയുണ്ടായിരുന്ന മകൻ മരുന്ന് വാങ്ങാൻ പോയ സമയം നോക്കിയാണ് ഇയാൾ പുറത്തേയ്ക്ക് കടന്നത്. മകന്റെ വണ്ടിയുമായി വരാപ്പുഴ പാലത്തിൽ എത്തിയ ഇയാൾ, ആശുപത്രിയിൽ ഡ്രിപ് നൽകുന്നതിന് ഇട്ട സൂചി അടക്കം കൈയിലിരിക്കെയാണ് പുഴയിൽ ചാടിയത്. 
 പഴുപ്പ് പാദത്തിൽ കയറിയതോടെയാണ് ഈ ഭാഗം മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ അറിയിച്ചത്. ഈ വിവരം അദ്ദേഹത്തെ മാനസികമായി തളർത്തിയതോടെയാണ് കടുംകൈക്ക് ശ്രമിച്ചത്.
 മത്സ്യത്തൊഴിലാളിയായ കുരിശുവീട്ടിൽ വർഗീസും മറ്റ് നാട്ടുകാരും ചേർന്നാണ് പുഴയിൽനിന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. തുടർന്ന്, മഞ്ഞുമ്മൽ സെൻറ് ജോസഫ്‌സ് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Latest News