റിയാദ് - ആശ്രിത ലെവി അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാരം താങ്ങുന്നതിന് കഴിയാതെയും തൊഴിൽ നഷ്ടപ്പെട്ടും വിദേശ കുടുംബങ്ങൾ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് തുടങ്ങിയതോടെ സൗദിയിൽ ആറു മാസത്തിനിടെ ഫഌറ്റ് വാടക 25 ശതമാനം വരെ കുറഞ്ഞതായി റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. മുൻ കാലത്ത് അടിക്കടി വാടക ഉയർത്തിയിരുന്ന കെട്ടിട ഉടമകൾ ഇപ്പോൾ വാടകക്കാരെ നിലനിർത്തുന്നതിന് സ്വമേധയാ വാടക കുറക്കുന്നതിന് തയാറാവുകയാണ്. പാർപ്പിട വാടക മേഖലയിൽ കടുത്ത മാന്ദ്യമാണ് നിലനിൽക്കുന്നത്. ഫഌറ്റുകൾ വാടകക്ക് ലഭ്യമാണെന്ന് വ്യക്തമാക്കുന്ന ബോർഡുകളും ബാനറുകളുമാണ് എങ്ങും. കെട്ടിടം നിൽക്കുന്ന സ്ഥലത്തിന്റെയും കെട്ടിടത്തിന്റെ പഴക്കത്തിനും അനുസരിച്ച് വാർഷിക വാടകയിൽ ആയിരം റിയാൽ മുതൽ അയ്യായിരം റിയാൽ വരെ കുറവുണ്ടായിട്ടുണ്ട്. 2020 നു മുമ്പായി വാടകകൾ ഉയരുമെന്ന് കരുതുന്നില്ല.
റിയൽ എസ്റ്റേറ്റ് വിപണി കടുത്ത മാന്ദ്യത്തിന്റെ പിടിയിലാണെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ പാർപ്പിട കമ്മിറ്റി പ്രസിഡന്റ് എൻജിനീയർ ഖാലിദ് ബാശുവൈഇർ പറഞ്ഞു. അടുത്തിടെ സർക്കാർ സ്വീകരിച്ച നടപടികൾ റിയൽ എസ്റ്റേറ്റ് വിപണിയിൽ പദവി ശരിയാക്കുന്നതിന് സഹായകമായിട്ടുണ്ടെന്ന് ഖാലിദ് ബാശുവൈഇർ പറഞ്ഞു. കിഴക്കൻ ജിദ്ദയിൽ മൂന്നു ബെഡ്‌റൂം ഫഌറ്റിന്റെ വാടക 19,000 റിയാലിൽ നിന്ന് 17,000 റിയാലായും നാലു ബെഡ്‌റൂം ഫഌറ്റിന്റെ വാടക 22,000 റിയാലിൽ നിന്ന് 18,000 റിയാലായും കുറഞ്ഞിട്ടുണ്ടെന്ന് റിയൽ എസ്റ്റേറ്റ് മേഖലാ നിക്ഷേപകൻ മുഹമ്മദ് അൽഗാംദി പറഞ്ഞു. ഉത്തര ജിദ്ദയിൽ നാലു ബെഡ്‌റൂം ഫഌറ്റിന്റെ വാടക 25,000 റിയാലിൽ നിന്ന് 20,000 റിയാലായും മൂന്നു ബെഡ്‌റൂം ഫഌറ്റിന്റെ വാടക 21,000 റിയാലിൽ നിന്ന് 18,000 റിയാലായും കുറഞ്ഞിട്ടുണ്ട്. ദക്ഷിണ ജിദ്ദയിലും വാടക കുറഞ്ഞിട്ടുണ്ട്. ഇവിടെ നാലു ബെഡ്‌റൂം ഫഌറ്റിന്റെ വാടക 20,000 റിയാലിൽ നിന്ന് 17,000 റിയാലായും മൂന്നു ബെഡ്‌റൂം ഫഌറ്റിന്റെ വാടക 19,000 റിയാലിൽ നിന്ന് 15,000 റിയാലായും കുറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ് അൽഗാംദി പറഞ്ഞു.