ദോഹ- വ്യാജ കമ്പനികള്‍ രൂപീകരിച്ച് വിസ കച്ചവടം നടത്തിയ ഒമ്പത് വിദേശികളെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വകുപ്പ് പിടികൂടി. അറബ്, ഏഷ്യന്‍ രാജ്യങ്ങളിലെ ഒമ്പത് പേരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിസ കച്ചവടം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ വ്യാജ കമ്പനികള്‍ സ്ഥാപിച്ചത്. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിര്‍ദ്ദിഷ്ട ഡോക്യുമെന്റ് ക്ലിയറന്‍സ് ഓഫീസുകള്‍ വഴിയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്.
പിന്നീട് ഇവരുടെ വസതികളിലും ജോലിസ്ഥലങ്ങളിലും നടത്തിയ പരിശോധനയില്‍ 1,90,000 ഖത്തര്‍ റിയാല്‍ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു.
വ്യാജ കമ്പനി രേഖകള്‍, വാടക കരാറുകള്‍, ഖത്തര്‍ പൗരന്മാരുടെ ഐഡി കാര്‍ഡുകള്‍, പ്രീപെയ്ഡ് ബാങ്ക് കാര്‍ഡുകള്‍, വിസ വില്‍പന നടത്തിയ പ്രവാസി തൊഴിലാളികളുടെ ബാങ്ക് കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു.
ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.