മലപ്പുറം - മമ്പാട് താളിപൊയില്‍ ഐസ്‌കുണ്ടില്‍ കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ പരിധിയിലെ എടക്കോട് റിസര്‍വ്വ് മേഖലയില്‍ ഉള്‍പ്പെട്ട ചാലിയാര്‍ പുഴയുടെ തുരുത്തിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. മീന്‍ പിടിക്കാന്‍ പോകുന്നവരാണ് കാല്‍പ്പാടുകള്‍ കണ്ട കാര്യം വനപാലകരെ അറിയിച്ചത്. എടക്കോട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ എ നാരായണന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയാണ് കടുവയുടെ കാല്‍പ്പാടാണെന്ന് സ്ഥിരീകരിച്ചത്. കാട്ടാനകള്‍ക്ക് പുറമെ കടുവയുടെ സാന്നിധ്യം കൂടി കണ്ടെത്തിയതോടെ ഈ പ്രദേശത്തെ ജനങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.