മദീന - ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ചശേഷം കഴിഞ്ഞ ദിവസം വരെ 7,44,862 വിദേശ ഹജ് തീർഥാടകർ പ്രവാചക നഗരിയിലെത്തിയതായി ഹജ്, സിയാറ കമ്മിറ്റി അറിയിച്ചു. ഞായറാഴ്ച 26,879 ഹാജിമാരാണ് മദീനയിലെത്തിയത്. ഇതിൽ 18,935 പേർ 84 വിമാന സർവീസുകളിലായി മദീന വിമാനത്താവളത്തിൽ എത്തുകയായിരുന്നു. മക്ക, മദീന എക്‌സ്പ്രസ്‌വേയിലെ അൽഹിജ്‌റ സെന്റർ വഴി 90 ബസ് സർവീസുകളിൽ 2,938 ഹാജിമാരും കരാതിർത്തി പോസ്റ്റുകൾ വഴി എത്തുന്ന തീർഥാടകരെ സ്വീകരിക്കുന്ന കേന്ദ്രം വഴി 151 ബസുകളിൽ 4,896 ഹാജിമാരും മദീനയിലെത്തി. 12 ട്രെയിൻ സർവീസുകളിൽ 110 ഹാജിമാരും ഞായറാഴ്ച മദീനയിലെത്തി.
ഞായറാഴ്ച വരെ 5,87,845 വിദേശ തീർഥാടകർ മദീന സിയാറത്ത് പൂർത്തിയാക്കി മക്കയിലേക്ക് തിരിച്ചു. ഞായറാഴ്ച രാത്രിയിലെ കണക്കുകൾ പ്രകാരം 1,56,959 ഹാജിമാർ മദീനയിൽ കഴിയുന്നു. ഞായറാഴ്ച മാത്രം 2,473 വിദേശ ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ നൽകി. ക്യാപ്.