മക്ക- ഹജ് കർമങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പുണ്യ നഗരിയിൽ മുന്നൊരുക്കം സജീവമായി. മിന, മുസ്ദലിഫ, അറഫ തുടങ്ങിയ ഹജ് കർമങ്ങൾ നടക്കുന്ന പുണ്യ സ്ഥലങ്ങളിലെല്ലാം ഒരുക്കങ്ങൾ പൂർത്തിയായി. ഈ വർഷത്തെ അറഫ ഖുതുബയ്ക്ക് ശൈഖ് യൂസുഫ് സഈദ് നേതൃത്വം നൽകും.
ഹജ് കർമത്തിന്റെ സുപ്രധാന ഭാഗമായ അറഫ സംഗമത്തിൽ തീർഥാടക ലക്ഷങ്ങളെയും ലോക വിശ്വാസികളെയും അഭിസംബോധന ചെയ്ത് ഉദ്‌ബോധന പ്രസംഗം നടത്തുന്നതിന്റെ ചുമതല ഉന്നത പണ്ഡിത സഭാംഗമായ ശൈഖ് ഡോ.യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദിനെ ഏൽപിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിക്കുകയായിരുന്നു.
അറഫ സംഗമത്തിനിടെ നമിറ മസ്ജിദിൽ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നതിന്റെയും ഖുതുബ നിർവഹിക്കുന്നതിന്റെയും ചുമതലയാണ് ശൈഖ് ഡോ.യൂസുഫ് സഈദിനെ ഏൽപിച്ചിരിക്കുന്നത്. ഹറം ഇമാം ശൈഖ് ഡോ.മാഹിർ അൽ മുഅയ്ഖിലിയെ കരുതൽ ഇമാമും ഖത്തീബുമായും നിയോഗിച്ചിട്ടുണ്ടെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ.അബ്ദുറഹ് മാൻ അൽസുദൈസ് അറിയിച്ചു.