ആലപ്പുഴ-യുവതിയെ പാനീയം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ സിനിമ നടനുൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു. അമ്പലത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിവാഹിതയും മാതാവുമായ യുവതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പോയി കുടിവെള്ളത്തിൽ മയങ്ങാനുള്ള മരുന്ന് നൽകി ലൈംഗീകമായി പീഡിപ്പിച്ചു എന്നും പീഡനരംഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചുവെന്നും ആരോപിച്ചുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ കുറ്റക്കാരല്ല എന്ന് കണ്ട് ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ആഷ് കെ ബാൽ വെറുതെ വിട്ടു.
കേസിലെ ഒന്നാം പ്രതിയും എറണാകുളത്തെ ഇവന്റ് മാനേജ്മന്റ് നടത്തുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ ബിനു കൃഷ്ണ എന്ന ബിനു, പ്രമുഖ സിനിമ സീരിയൽ താരം രാജാസാഹിബ് എന്ന് വിളിക്കുന്ന സുഹൈൽ എന്നിവരെ ആണ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.
2002ൽ ആലപ്പുഴയിലെ ഒരു ക്ഷേത്രത്തിൽ തൊഴുതു മടങ്ങുകയായിരുന്ന വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ ഒന്നാം പ്രതിയായ ബിനു തെറ്റിദ്ധരിപ്പിച്ചു കാറിൽ കയറ്റി പുന്നപ്രയിലുള്ള വീട്ടിൽ കൊണ്ട് പോയ ശേഷം പാനീയത്തിൽ മയക്കുമരുന്ന് ചേർത്ത് മയക്കി പീഡിപ്പിച്ചുവെന്നുമാണ് പരാതി. 2010-ലാണ് ഇത് സംബന്ധിച്ച് യുവതി പരാതി നൽകിയത്.
പ്രതികൾക്കെതിരെ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിനായി പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നും മെഡിക്കൽ രേഖകളോ ചിത്രങ്ങൾ പകർത്തിയ ഫോൺ ശാസ്ത്രീയമായി പരിശോധിച്ചു തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു.