ദുബായ്- ലോകത്തെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ കെട്ടിടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഹബ്ദൂര്‍ ടവറിലെ ഫഌറ്റുകളുടെ വില പ്രഖ്യാപിച്ചു.
ശൈഖ് സായിദ് റോഡിലെ 82 നിലകളുള്ള അല്‍ ഹബ്തൂര്‍ ടവറിലെ യൂണിറ്റുകള്‍ വില്‍പ്പനക്കെത്തുകയാണെന്ന് ദുബായ് ആസ്ഥാനമായുള്ള ഗ്രൂപ്പ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ടവറിന്റെ ഉയരം വെളിപ്പെടുത്താന്‍ കമ്പനി വിസമ്മതിച്ചു.
1,619 അപ്പാര്‍ട്ടുമെന്റുകളും 22 സ്‌കൈ വില്ലകളും ഉള്‍ക്കൊള്ളുന്ന ഐക്കണിക് ടവര്‍ ദുബായുടെ പ്രശസ്തമായ സ്‌കൈലൈനിന്റെ കൂട്ടിച്ചേര്‍ക്കലായിരിക്കും. ഒരു കിടപ്പുമുറിയുള്ള അപാര്‍ട്‌മെന്റിന് വില 2.1 മില്യന്‍ ദിര്‍ഹമാണ്. 2 ബിഎച്ച്‌കെ ഫഌറ്റിന് 3.5 മില്യണ്‍ ദിര്‍ഹവും 3 ബിഎച്ച്‌കെക്ക് 4.7 മില്യണ്‍ ദിര്‍ഹവുമാണ് വില. സ്‌കൈ വില്ലകള്‍ക്ക് ഇനിയും വില നിശ്ചയിക്കേണ്ടതുണ്ട്.
3.7 ബില്യണ്‍ ദിര്‍ഹത്തിന്റെ ടവര്‍ മുഴുവനായി വാങ്ങാന്‍ ചില വ്യക്തിഗത നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഹമ്മദ് അല്‍ ഹബ്തൂര്‍ പറഞ്ഞു.