Sorry, you need to enable JavaScript to visit this website.

ആലപ്പുഴ സിപിഎമ്മില്‍ കൂട്ടനടപടി; പി.പി.ചിത്തരഞ്ജന്‍ എംഎല്‍എയെ തരംതാഴ്ത്തി

മൂന്ന് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു

ആലപ്പുഴ - കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന ആലപ്പുഴ സിപിഎമ്മില്‍ കൂട്ടനടപടി. കഴിഞ്ഞ സമ്മേളനകാലത്ത് വിഭാഗീയതക്ക് നേതൃത്വം നല്‍കിയതായി പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തിയ ആലപ്പുഴ എംഎല്‍എ പി.പി. ചിത്തരഞ്ജന്‍, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍
എം.സത്യപാലന്‍ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. ആലപ്പുഴയില്‍ ചിത്തരഞ്ജനും ഹരിപ്പാട്ട് സത്യപാലനും വിഭാഗീയ പ്രവര്‍ത്തനത്തില്‍ ഭാഗംചേര്‍ന്നുവെന്നാണ് ആക്ഷേപം.
ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികള്‍ പിരിച്ചുവിടും. ലഹരിക്കടത്ത് ആരോപണം നേരിട്ട ഏരിയ കമ്മിറ്റിയംഗം എ.ഷാനവാസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയില്‍ കുറ്റക്കാരെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ എല്ലാവര്‍ക്കും താക്കീതു നല്‍കും. സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ ഇന്ന് ആലപ്പുഴയില്‍ ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് അന്തിമമാക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരേയുള്ള നടപടിക്ക്
തീരുമാനം. ചൊവ്വാഴ്ചത്തെ ജില്ലാ കമ്മിറ്റിയിലും എം വി ഗോവിന്ദന്‍ പങ്കെടുക്കും.
ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയ കമ്മിറ്റികള്‍ ഒന്നാക്കി അഡ് ഹോക് കമ്മിറ്റി രൂപീകരിച്ച് ജില്ലാ സെക്രട്ടേറിയറ്റംഗം സി.ബി.ചന്ദ്രബാബുവിനെ സെക്രട്ടറിയാക്കി. ഹരിപ്പാട്ട് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എച്ച്. ബാബുജാനാണ് സെക്രട്ടറിയുടെ ചുമതല. എസ് എഫ് ഐ നേതാവിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് ബാബുജാനെതിരേ  ആരോപണമുയര്‍ന്നെങ്കിലും സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തില്ല.

 

Latest News