അരങ്ങിലെ നേർത്ത വെളിച്ചത്തിൽനിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്കു കടന്നുവന്ന അഭിനേത്രിയാണ് മുത്തുമണി. സത്യൻ അന്തിക്കാട് കണ്ടെത്തിയ ഈ നടി ഇന്ന് മലയാള സിനിമയുടെ നിത്യവിസ്മയമായി മാറിയിരിക്കുന്നു. രസതന്ത്രത്തിലെ കുമാരിയിൽനിന്നും തുടങ്ങിയ അഭിനയ യാത്ര അങ്കിൾ എന്ന ചിത്രത്തിലെ ലക്ഷ്മിയിൽ എത്തിനിൽക്കുന്നു. ഡഗ്ലസ് ആൽഫ്രഡ് സംവിധാനം ചെയ്യുന്ന വള്ളിക്കുടിലിലെ വേലക്കാരൻ എന്ന ചിത്രത്തിന്റെ സെറ്റിലാണ് മുത്തുമണി. ഗണപതി നായകനാകുന്ന ഈ ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിലാണ് ഈ കൊച്ചിക്കാരിയെത്തുന്നത്. വിവാഹത്തിനു ശേഷവും അഭിനയ രംഗത്തു സജീവമായി തുടരുന്ന മുത്തുമണി അഭിനയ ജീവിതത്തെയും കുടുംബ ജീവിതത്തെയും കുറിച്ച് മനസ്സ് തുറക്കുകയാണ്.
കലാരംഗത്തേയ്ക്കുള്ള കടന്നുവരവ്?
അധ്യാപക ദമ്പതിമാരായ എൻ. സോമസുന്ദരന്റെയും ഷേർളി സോമസുന്ദരന്റെയും മകളായാണ് ജനിച്ചത്. മാതാപിതാക്കൾ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതിനാൽ കുട്ടിക്കാലം തൊട്ടേ അരങ്ങിന്റെ ഭാഗമായിരുന്നു. എറണാകുളം സെന്റ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂളിലെ പഠന കാലത്ത് സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ നാടകമവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ മോണോ ആക്ടിലും സജീവമായിരുന്നു. ആൾ ഇന്ത്യാ റേഡിയോയിൽ ബാലതാരവുമായിരുന്നു. കൊച്ചിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽനിന്നും നിയമ ബിരുദം നേടിയ ശേഷമാണ് കലാരംഗത്ത് സജീവമായത്.
അച്ഛനും അമ്മയും നൽകിയ കരുത്താണ് നാടകത്തിൽ സജീവമാകാൻ തുണയായത്. കോളേജിലെത്തിയപ്പോഴും അരങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞു. കൂടാതെ കൊച്ചിയിലെ പല അമേച്വർ നാടക വേദികൾക്കു വേണ്ടിയും മുഖത്ത് ചായമിട്ടു. എം. മുകുന്ദന്റെ നോവലിനെ ആധാരമാക്കിയൊരുക്കിയ ഒരു ദളിത് യുവതിയുടെ കദന കഥ എന്ന നാടകത്തിൽ വസുന്ധരയെ അവതരിപ്പിച്ചു. പ്ലസ് ടു പഠന കാലത്താണ് ഗ്രീക്ക് നാടകോത്സവത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നാടകം അവതരിപ്പിച്ചത്. ലോകധർമ്മിയുടെ ബാനറിൽ ഇതിഹാസ കഥാപാത്രമായ മീഡിയ എന്ന നാടകത്തിൽ രണ്ടു കുട്ടികളുടെ അമ്മയായ മുപ്പത്തഞ്ചുകാരിയെ അവതരിപ്പിച്ചു. പിന്നീട് ഒറീസയിൽ നടന്ന തിയേറ്റർ ഒളിമ്പ്യാഡിൽ മുക്കാഞ്ചി എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതു വഴി മികച്ച നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കി. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്‌സിൽ റാഹേലായും ചിലപ്പതികാരത്തിന്റെ ഭാഗമായ മധുരൈകാണ്ഡത്തിൽ കണ്ണകിയായും വേഷമിട്ടു. കണ്ണകിയുടെ വേഷം കണ്ടാണ് സത്യൻ അന്തിക്കാട് അദ്ദേഹത്തിന്റെ സിനിമയിലേയ്ക്ക് ക്ഷണിച്ചത്.
സിനിമയിലെ തുടക്കം
മോഹൻലാലും മീരാ ജാസ്മിനും ഒന്നിച്ച രസതന്ത്രത്തിൽ ലാലേട്ടനെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന അയൽക്കാരിയായ കുമാരിയെയാണ് അവതരിപ്പിച്ചത്. എന്നാൽ ആ സ്‌നേഹം തിരിച്ചുകിട്ടില്ലെന്നായപ്പോൾ അവൾ മറ്റൊരാളെ വിവാഹം കഴിക്കുകയാണ്.
നാടകത്തിലെയും സിനിമയിലെയും സ്ത്രീവേഷങ്ങൾ?
നാടകവും സിനിമയും കലയുടെ രണ്ടു വ്യത്യസ്ത മാധ്യമങ്ങളാണ്. സമാനതകളുണ്ടെങ്കിലും രണ്ടിനെയും താരതമ്യപ്പെടുത്താനാവില്ല. നാടകത്തിലെ വേഷങ്ങളും സിനിമയിലെ വേഷങ്ങളും സന്തോഷം തരുന്നവയാണ്. അവയെ വേർതിരിച്ചുകാണാനാവില്ല. അവ രണ്ടും എപ്പോഴും എന്നോടൊപ്പമുണ്ട്.
നാടകത്തിന് പണ്ടത്തേക്കാൾ പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്നുണ്ട് എന്നതിൽ സന്തോഷമുണ്ട്. പുതിയ തിയേറ്ററുകളും പരീക്ഷണ നാടകങ്ങളും അരങ്ങിലെത്തുന്നു. മുംബൈയിലും ബാംഗ്ലൂരിലുമുള്ള തിയേറ്ററുകളിൽ ടിക്കറ്റെടുത്താണ് കാണികൾ നാടകം കാണാനെത്തുന്നത്. അത്തരത്തിലുള്ള മുന്നേറ്റം കേരളത്തിലും രൂപം കൊള്ളണം എന്നാണാഗ്രഹം.
മനസ്സിൽ തങ്ങിനിൽക്കുന്ന വേഷങ്ങൾ?
ആദ്യ ചിത്രത്തിലെ കുമാരിയെ മറക്കാനാവില്ല. വിനോദ യാത്രയിലെ സ്‌കൂൾ ടീച്ചറും ഇന്നത്തെ ചിന്താവിഷയത്തിലെ രഹ്‌നയും കടൽ കടന്നൊരു മാത്തുക്കുട്ടിയിലെ ജൻസമ്മയും അന്നയും റസൂലും എന്ന ചിത്രത്തിലെ ഷാലുവും ഒരു ഇന്ത്യൻ പ്രണയ കഥയിലെ വിമലയും ഹൗ ഓൾഡ് ആർ യുവിലെ ശശികലയുമെല്ലാം മനസ്സിൽ തങ്ങിനിൽക്കുന്ന വേഷങ്ങളാണ്. കൂടാതെ ഞാൻ എന്ന ചിത്രത്തിലെ ജാനു, ജമ്‌നപ്യാരിയിലെ വിനീത, ലോഹത്തിലെ അഡ്വക്കറ്റ് രേഖ, സുധി വാത്മീകത്തിലെ ശ്രീദേവി, ഹലോ നമസ്‌തെയിലെ ഷാഹിദ, കമ്മത്തിപ്പാടത്തെ സാവിത്രി, ജോമോന്റെ സുവിശേഷങ്ങളിലെ ലാലി, രാമന്റെ ഏദൻ തോട്ടത്തിലെ നസ്മി, പരോളിലെ ഹസീന, അങ്കിളിലെ ലക്ഷ്മി എന്നിവയെല്ലാം ഇഷ്ടപ്പെട്ടവയാണ്.
അങ്കിളിലെ ലക്ഷ്മി
ജോയ് മാത്യു സാറിന്റെ കഥാപാത്രം ശക്തമായിരിക്കുമെന്ന തിരിച്ചറിവിൽനിന്നാണ് ചെറിയ വേഷമാണെന്നു പറഞ്ഞപ്പോൾ സമ്മതിച്ചത്. രണ്ടു ദിവസത്തെ ഡേറ്റായിരുന്നു ചോദിച്ചത്. പിന്നീട് ഒരു മാസം കഴിഞ്ഞാണ് വീണ്ടും വിളിയെത്തുന്നത്. കഥാപാത്രം വലിയ റോളാണെന്നും അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടോയെന്നും ചോദിച്ചായിരുന്നു വിളിച്ചത്. സമ്മതമറിയിക്കുകയായിരുന്നു.
അങ്കിളിലെ ലക്ഷ്മി സാധാരണ വീട്ടമ്മയായിരുന്നില്ല. കൗമാരക്കാരിയായ ഒരു പെൺകുട്ടിയുടെ അമ്മയ്ക്ക് മകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. അടുക്കളയിൽ ജീവിതം ഹോമിക്കുന്ന സ്ത്രീയല്ല, വായനാശീലമുള്ള, സ്വന്തമായി വ്യക്തിത്വമുള്ള ഒരു കഥാപാത്രമായിരുന്നു അത്. സിനിമയിൽ സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന കുറച്ച് എഴുത്തുകാരേയുള്ളൂ. അക്കൂട്ടത്തിലാണ് ജോയ് മാത്യു സാർ. അതുകൊണ്ടു തന്നെ ആ കഥാപാത്രം ശരിക്കുമൊരു വെല്ലുവിളിയായിരുന്നു.
ജമ്‌നാപ്യാരിയിലെ വേഷം
ഭർത്താവായ അരുൺ പി.ആറിന്റെ തിരക്കഥയിൽ തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രമാണ് ജമ്‌നാപ്യാരി. റേഡിയോ മാംഗോയിലെ ജോലി രാജിവെച്ചാണ് അരുൺ സിനിമയുടെ പിന്നാമ്പുറങ്ങളിലേയ്ക്ക് ചേക്കേറിയത്. നെല്ലിക്കയായിരുന്നു ആദ്യ ചിത്രം. ഭർത്താവിന്റെ തിരക്കഥയായതു കൊണ്ട് രണ്ടുപേരും ഒന്നിച്ച് സെറ്റിലെത്തുമ്പോൾ ആദ്യമെല്ലാം ബുദ്ധിമുട്ടു തോന്നിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കൂടി സഹകരണം കൊണ്ട് നന്നായി അഭിനയിക്കാനായി. സുരാജ് വെഞ്ഞാറമ്മൂട് വേഷമിടുന്ന സാബുവിന്റെ ഭാര്യയുടെ വേഷത്തിലാണെത്തിയത്. ചിത്രം നല്ല വിജയം നേടിയിരുന്നു.
പേരിലെ കൗതുകം
വീട്ടിലെ വിളിപ്പേരായിരുന്നു മുത്തു എന്നത്. ചേച്ചിയെ പൊന്നു എന്നും വിളിച്ചു. പിന്നീട് രണ്ടുപേർക്കും മണി കൂടി ചേർത്തു. യാത്രയിലായിരുന്നു പലപ്പോഴും പ്രശ്‌നം. പുരുഷനാണെന്നു കരുതി പലപ്പോഴും ആ ലിസ്റ്റിലാണ് ചേർക്കാറ്. എങ്കിലും ഒരിക്കൽ മനസ്സിൽ പതിഞ്ഞാൽ പിന്നീട് ആരും മറക്കില്ല.
വിവാഹ ശേഷമുള്ള അഭിനയം
കലാജീവിതവുമായി ചേർന്നുനിൽക്കുന്ന കുടുംബമാണ് എന്റേത്. മാതാപിതാക്കളും ഭർത്താവുമെല്ലാം കലയെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും നല്ല അഭിനന്ദനവും വിമർശനവും ലഭിക്കുന്നത് ഭർത്താവ് അരുണിൽനിന്നു തന്നെയാണ്. ജോലി ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഞാനും നേരിടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നമ്മെ മനസ്സിലാക്കാനും സഹായിക്കാനുമെല്ലാം ആളുണ്ടാകുന്നതാണ് ഏറ്റവും വലിയ ഭാഗ്യം.
നായികാ കഥാപാത്രത്തോടുള്ള വൈമുഖ്യം
നായിക എന്ന കാറ്റഗറിയിൽ ഒതുക്കിനിർത്താതെ കഥയിലേയ്ക്ക് സംഭാവന ചെയ്യുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഇഷ്ടം. കഥയിൽ നമ്മുടെ കഥാപാത്രത്തിന് എന്തെങ്കിലും സംഭാവന ചെയ്യാനുണ്ടെങ്കിൽ തീർച്ചയായും ആ കഥാപാത്രം സ്വീകരിക്കപ്പെടും. നായികയാകില്ലെന്നോ ഇത്തരം കഥാപാത്രങ്ങൾ മാത്രമേ അവതരിപ്പിക്കുകയുള്ളൂവെന്നോയുള്ള യാതൊരു പിടിവാശിയുമില്ല.
യുവ തലമുറയോട് പറയാനുള്ളത്
ഒരു അഭിനേത്രി എന്ന നിലയിൽ മാത്രമല്ല, പ്രേരണ എന്ന നാടക പരിശീലന സ്ഥാപനത്തിന്റെ അമരക്കാരിയെന്ന നിലയിലും അരങ്ങിൽ ഒട്ടേറെ പേർക്ക് പരിശീലനം നൽകാനും മുൻപന്തിയിലുണ്ട്. കൗമാര പ്രായക്കാരായ ഒട്ടേറെ കുട്ടികളെ അഭിമുഖീകരിക്കേണ്ടിവരാറുണ്ട്. അവർക്ക് വേണ്ടതും വേണ്ടാത്തതും എന്താണെന്ന് മനസ്സിലാക്കാനും ബോധ്യപ്പെടുത്താനും എപ്പോഴും ശ്രമിക്കുന്നു. അച്ഛനമ്മമാരിൽനിന്നും അവർക്ക് ലഭിക്കുന്ന പിന്തുണ പ്രധാനമാണെന്ന് അവരെ ബോധ്യപ്പെടുത്താറുമുണ്ട്. അതുകൊണ്ടൊക്കെയാകണം അങ്കിൾ എന്ന ചിത്രത്തിലെ ലക്ഷ്മിയെ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ജീവിതത്തിൽ ധീരമായ തീരുമാനങ്ങളെടുക്കാൻ സ്ത്രീയെ പ്രാപ്തയാക്കുന്നതും കുടുംബത്തിൽനിന്നു ലഭിക്കുന്ന പിന്തുണയാണ്. സ്വന്തം കഴിവുകൾ കണ്ടെത്തി സ്വന്തം കാലിൽ നിൽക്കാനും സ്വതന്ത്രമായി ജീവിക്കാനും സ്ത്രീകളെ പ്രാപ്തരാക്കുകയാണ് പരമ പ്രധാനം.