കൊച്ചി- മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരായ എം ടി ഷെമീറും യാക്കൂബും ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരായി കേസില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറി. കെ സുധാകരനും മോന്‍സണ്‍ മാവുങ്കലുമായി ഉള്ളത് ഡോക്ടര്‍- രോഗി ബന്ധമല്ലെന്ന് മൊഴി നല്‍കിയ ശേഷം എം ടി ഷമീര്‍ പറഞ്ഞു. മോന്‍സണ്‍ ചികിത്സിച്ച മറ്റൊരു രോഗിയെ നമുക്ക് അറിയില്ല. മോന്‍സന്റെ വീട്ടില്‍ ജിമ്മും വൈബ്രേഷന്‍ മെഷീനറികളും സ്റ്റീം ബാത്ത് മെഷീനറിയുമല്ലാതെ മറ്റൊരു ചികിത്സാ സംവിധാനവുമില്ല. കെ സുധാകരന്‍ മോന്‍സണ്‍ മാവുങ്കലില്‍നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയതിന് തെളിവുണ്ടെന്നും 164 അനുസരിച്ച് കോടതിയില്‍ മൂന്നു പേരുടെ രഹസ്യമൊഴിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരന്റെ പി എ ആയ എബിന്‍ എബ്രഹാം മോന്‍സന്റെ അക്കൗണ്ടില്‍ നിന്നു മാസപ്പടി വാങ്ങിയതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. 164 മൊഴി നല്‍കിയ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ വാട്‌സ് ആപ്പ് ചാറ്റുകളടക്കം കൈമാറിയിട്ടുണ്ടെന്ന് ഷെമീര്‍ പറഞ്ഞു.
കേസില്‍ വിയ്യൂര്‍ ജയിലില്‍ എത്തി മോന്‍സണെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. 23ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് കെ.സുധാകരന് നോട്ടീസ് നല്‍കിയിരിക്കുന്നത്. 21ന് സുധാകരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസ് അന്വേഷിച്ച ഡിവൈ.എസ്.പി വൈ.ആര്‍. റസ്തമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്.