തിരുവിതാംകൂറിൽ മാത്രമല്ല, ലോകത്തിന്റെ ഇതരഭാഗങ്ങളിൽ വിവിധകാലഘട്ടങ്ങളിൽ നിലനിന്നിരുന്ന ഒട്ടേറെ നാണയങ്ങൾ ഒന്നാം നിലയിലെ നാണയ ദൃശ്യമന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായി കേരളത്തിനു പണ്ട് കാലത്തുണ്ടായിരുന്ന വ്യാപാര ബന്ധങ്ങളുടെ തെളിവുകളാണ് ഈ നാണയങ്ങൾ. വിജ്ഞാനവും, വിനോദവും ഒപ്പം ചരിത്രവും സമന്വയിക്കുന്ന നെടുമങ്ങാട്ടെ പൈതൃക മ്യൂസിയം സന്ദർശകർക്ക് ഹൃദ്യവിരുന്ന് തന്നെ. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4.30 വരെ കോയിക്കൽ കൊട്ടാരം സന്ദർശിക്കാം.
1980 മുതൽ പുരാവസ്തു വകുപ്പിന്റെ അധീനതയിലും സംരക്ഷണയിലുമുള്ള കൊട്ടാരമാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ടുള്ള കോയിക്കൽ കൊട്ടാരം. 1992 മുതലാണ് ഈ കൊട്ടാരത്തിൽ പൈതൃക മ്യൂസിയം പ്രവർത്തനമാരംഭിക്കുന്നത്.
1677 നും 1684 നും മധ്യേ തിരുവതാംകൂർ ഭരിച്ചിരുന്ന വേണാട് രാജകുടുംബാംഗമായ ഉമയമ്മറാണിക്ക് വേണ്ടി നിർമിക്കപ്പെട്ടതാണ് കോയിക്കൽ കൊട്ടാരം. നടുത്തളവും ത്രികോണാകൃതിയിലുള്ള മുഖപ്പുകളോട് കൂടിയതുമായ നാലുകെട്ട് മാതൃകയിലുള്ള ഈ കൊട്ടാരം തന്നെ ഒരു കാഴ്ചയാണ്. രണ്ട് നിലകളിലായുള്ള കൊട്ടാരത്തിൽ ഫോക്‌ലോർ മ്യൂസിയവും പൗരാണിക നാണയങ്ങളുടെ മ്യൂസിയവും പ്രവർത്തിക്കുന്നു.
രണ്ടേകാൽ കോടിയോളം രൂപ ചെലവിൽ കോയിക്കൽ കൊട്ടാരവും മ്യൂസിയവും അടുത്തിടെ നവീകരിച്ചിരുന്നു. ഇതിനായി മൂന്ന് വർഷങ്ങളോളം കൊട്ടാരം അടച്ചിട്ടിരിക്കുകയായിരുന്നു. നവീകരിച്ച കൊട്ടാരത്തിൽ പന്ത്രണ്ടു വിഭാഗങ്ങളായി തിരിച്ച് പ്രദർശന വസ്തുക്കൾ അണിനിരത്തിയിരിക്കുന്നു. എ.ഡി ഒന്നാം നൂറ്റാണ്ട് മുതലുള്ള ചരിത്ര ശേഷിപ്പുകൾ തിരുവിതാംകൂറിന്റെ പൈതൃകമായ ഈ കൊട്ടാരത്തിൽ പ്രദർശനത്തിനുണ്ട്.
കൃഷിയുമായി ബന്ധപ്പെട്ട, പരമ്പരാഗത ഉപകരണങ്ങൾ, ആചാരനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിവിധതരം വിളക്കുകൾ, കൂറ്റൻ പെട്ടി, ത്രാസ് വരെയുള്ള അളവ് തൂക്ക ഉപകരണങ്ങൾ, അവൽ ഇടിക്കാൻ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന സംവിധാനം, കൊട്ടുകളിപ്പലകയും, കവഞ്ചിപ്പലകയും, പല്ലാങ്കുഴിപ്പലകയും സംഭാരത്തോണി തുടങ്ങി വിവിധ കാലഘട്ടങ്ങളെ ഓർമിപ്പിക്കുന്ന കാഴ്ചകളേറെയുണ്ട്.
പഴമക്കാർ ഉപയോഗിച്ചിരുന്ന പരിസ്ഥിതി സൗഹാർദ്ദമായ വീട്ടുപകരണങ്ങളും ഉല്പന്നങ്ങളും പുതു പ്ലാസ്റ്റിക് യുഗത്തിൽ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. രണ്ടാം നിലയിലെ ഫോക്‌ലോർ മ്യൂസിയത്തിൽ പഴയകാലത്തെ കൗതുകകരങ്ങളായ മരം, ചെമ്പ്, പിച്ചള എന്നിവയിൽ നിർമ്മിച്ച അടുക്കള ഉപകരണങ്ങൾ കാണാം.
യോഗികൾ ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്ന സൂത്രപ്പണിയായ 'ഊരാക്കുടുക്ക്, ആശയവിനിമയത്തിനായി ആദിവാസികൾ പണ്ട് ഉപയോഗിച്ചിരുന്ന മുക്കുപറക്കെട്ടും, പത്തായക്കെട്ടുമെല്ലാം കൗതുകകാഴ്ചകൾ തന്നെ. സംഗീത ഉപകരണങ്ങളുടെ അമൂല്യമായ ശേഖരമാണ് ഈ മ്യൂസിയത്തിൽ കാണാനാവുക.
തിരുവിതാംകൂറിൽ മാത്രമല്ല, ലോകത്തിന്റെ ഇതരഭാഗങ്ങളിൽ വിവിധകാലഘട്ടങ്ങളിൽ നിലനിന്നിരുന്ന ഒട്ടേറെ നാണയങ്ങൾ ഒന്നാം നിലയിലെ നാണയ ദൃശ്യമന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായി കേരളത്തിനു പണ്ട് കാലത്തുണ്ടായിരുന്ന വ്യാപാര ബന്ധങ്ങളുടെ തെളിവുകളാണ് ഈ നാണയങ്ങൾ.
വിജ്ഞാനവും, വിനോദവും ഒപ്പം ചരിത്രവും സമന്വയിക്കുന്ന നെടുമങ്ങാട്ടെ പൈതൃക മ്യൂസിയം സന്ദർശകർക്ക് ഹൃദ്യവിരുന്ന് തന്നെ. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4.30 വരെ കോയിക്കൽ കൊട്ടാരം സന്ദർശിക്കാം.