കോട്ടയം- കോട്ടയം പനിയില്‍ ചുട്ടുപൊള്ളുമ്പോഴും ആവശ്യത്തിനു ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാതെ ആശുപത്രികള്‍. ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണ്. പനിയും ഡെങ്കിപ്പനിയും ജില്ലയില്‍ വ്യാപകമാണ്. ജില്ലാ ജനറല്‍ ആശുപത്രിയില്‍ പൊതു ഒപി തന്നെനിര്‍ത്തലാക്കിയിരിക്കുകയാണ്.ഡോക്ടര്‍മാരില്ലാത്തതാണ് കാരണം. ഇതെ തുടര്‍ന്ന് മെഡിക്കല്‍ - അത്യാഹിത ഒ.പിയിലേക്കാണ് രോഗികളെ പറഞ്ഞുവിടുന്നത്. അത്യാഹിതവിഭാഗത്തിലെ തിരക്ക് മൂലം രോഗികള്‍ മണിക്കൂറോളം ക്യൂ നില്‍ക്കണം. ക്യൂ നിളുന്നതോടെ അവശരായി തളര്‍ന്ന് വീഴുന്നവരും അനവധിയാണ്. തിരക്കേറുമ്പോള്‍ അധികൃതര്‍ ഒ.പി ടിക്കറ്റ് തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നത് രോഗികളുമായുളള വാക്കേറ്റത്തിനും ഇടയാക്കുന്നു. പനിബാധിതര്‍ ഏറെയുളള മുണ്ടക്കയം എരുമേലി, കാഞ്ഞിരപ്പള്ളി മേഖലകളിലെ ആശുപത്രികളില്‍ അവസ്ഥ പരിതാപകരമാണ്.
രോഗികള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിയാല്‍ നോക്കാന്‍ ഡോക്ടര്‍മാരില്ല. അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടറുടെ സേവനമാണുള്ളത്. മലയോരമേഖലയിലെ പ്രധാന ആശുപത്രിയായതിനാല്‍ ഉച്ചകഴിഞ്ഞ് അത്യാഹിത വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെയെങ്കിലും സേവനം അത്യാവശ്യമാണ്.ജനറല്‍ ഒ.പിയില്‍ നിലവില്‍ എട്ട് ഹൗസ് സര്‍ജന്മാരുണ്ട്. ഇവരുടെ ഡ്യൂട്ടി സമയം രാവിലെ 8 മുതല്‍ 10.30 വരെയും 10.30 മുതല്‍ ഒരുമണി വരെയുമാക്കിയിട്ടുണ്ട്. കാഷാലിറ്റിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റമാണ്. അസിസ്റ്റന്റ് സര്‍ജന്‍മാര്‍ക്കാണെങ്കില്‍ സ്ഥലം മാറ്റവും. 59 ഡോക്ടര്‍മാരുടെ സേവനമാണ് ഇവിടെ വേണ്ടത്.
മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കോടികള്‍ മുടക്കി ബഹുനിലക്കെട്ടിടങ്ങള്‍ നിര്‍മ്മിച്ചെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ അനുബന്ധ സൗകര്യങ്ങളോ ഇല്ല. അഞ്ഞൂറിലധികം രോഗികളാണ് ദിവസവും എത്തുന്നത്.എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ രാവിലെ മുതല്‍ വൈകുന്നേരം മൂന്നുവരെയാണ് ഒ.പി പരിശോധന. ആറ് ഡോക്ടര്‍മാരുടെ തസ്തികയുള്ള ഇവിടെ ഡ്യൂട്ടിയിലുള്ളത് നാല് പേര്‍. സ്ഥിരം ഫാര്‍മസിസ്റ്റ് ഉണ്ടെങ്കിലും ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റ് ആണ് മരുന്ന് നല്‍കിയിരുന്നത്. ജോലിഭാരം കൂടിയതോടെ ഇവരെ വിട്ടു.അതിനിടെ പനി ബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്. സ്‌കൂളുകളില്‍ 40 ശതമാനത്തോളം പനിബാധിതരാണ്. സ്‌കൂള്‍ അസംബ്ലികള്‍ രോഗപകര്‍ച്ചയ്ക്കു കാരണമാകുന്നതായി ആരോപണമുണ്ട്.
അതിനിടെ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പനിയ്ക്ക് ചികിത്സയില്‍ കഴിയവേ എട്ടുമാസം പ്രായമുള്ള കുട്ടി മരിക്കാനിടയായത് ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മണര്‍കാട് പ്ലാന്തോപ്പില്‍ എബി- ജോന്‍സി ആന്റണി ദമ്പതികളുടെ മകന്‍ ജോഷ് എബി മൈക്കിള്‍ മരിച്ചതു സംബന്ധിച്ചാണ് പരാതി ഉയര്‍ന്നത്. മെയ് 30 നാണ് കുട്ടി മരിച്ചത്. ചികിത്സ കൃത്യമായിരുന്നെന്നും മരണകാരണം ഹൃദയസ്തംഭനമാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ ചികിത്സയുടെ ഭാഗമായി ഇമ്യുണോ ഗ്ലോബിന്‍ ഐ.വി എന്ന മരുന്ന് രണ്ടുതവണ വലിയ ഡോസില്‍ കുത്തിവച്ചതാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. കൂടാതെകുട്ടിക്ക് ഓരോ സമയത്തും മരുന്ന് നല്‍കുവാന്‍ നഴ്‌സുമാര്‍ തയാറായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. മെയ് 11ന് പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി 30നാണ് മരിച്ചത്. 12നു തന്നെ തീവ്രപരിചരണ വിഭാഗത്തിലാക്കി സൂക്ഷ്മമായ പരിശോധന നടത്തി.
ഹൃദയത്തിലേയ്ക്കുള്ള പ്രധാന രക്ത ധമനിയായ കൊറോണറി ആര്‍ട്ടറിക്ക് സാധാരണയില്‍ കവിഞ്ഞ വികാസവും ബലക്കുറവുമുണ്ടാകുന്ന കവസാക്കി എന്ന രോഗം പരിശോധനയില്‍ കണ്ടെത്തി. ഏതു സമയത്തും രക്തധമനി വീര്‍ത്തു പൊട്ടിപ്പോകാമെന്നതാണ് രോഗത്തിന്റെ അവസ്ഥ. തുടര്‍ന്ന്തിരുവനന്തപുരം എസ്.എ.ടിയിലെ ശിശുരോഗ വിദഗ്ധരുടെ അഭിപ്രായം കൂടി ചോദിച്ച ശേഷമാണ് കുട്ടിക്ക് ഇമ്യൂണോഗ്ലോബിന്‍ ഐ.വി കുത്തി വയ്പ് നല്‍കിയത്. വളരെ വില കൂടിയ ഈ മരുന്ന് രണ്ടു ഘട്ടമായാണ് നല്‍കിയത്. 30 വരെ ഐ.സി.യു.വില്‍ കഴിയുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്. ഇവരുടെ കുടുംബത്തില്‍ എല്ലാവര്‍ക്കും പനി വന്നിരുന്നു. കുട്ടിയില്‍ കോവിഡ് ആന്റിബോഡിയുടെ അളവ് വളരെ കൂടുതലായിരുന്നു എന്നും കണ്ടെത്തിയിരുന്നു. കുട്ടിയുടെ പിതാവ് എബിയുടെ മാതാപിതാക്കളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. 30 ന് കുട്ടിയെ ഇവര്‍ ലാളിച്ചുകൊണ്ടിരുന്നപ്പോള്‍ കുട്ടിക്ക് പെട്ടെന്ന് അനക്കമില്ലാത്ത അവസ്ഥ ഉണ്ടായി. ഉടന്‍തന്നെ ഡോക്ടര്‍മാര്‍ എത്തി നടത്തിയ പരിശോധനയില്‍ ഹൃദയാഘാതം സ്ഥിരീകരിച്ചു. ചികിത്സയുടെ ഓരോ ഘട്ടത്തിലും ബന്ധുക്കളെ വിവരം അറിയിപ്പിച്ചിരുന്നെന്നും വില കൂടിയ മരുന്നുകള്‍ ഉള്‍പ്പെടെ സൗജന്യമായി നല്‍കിയാണ് കുട്ടിയെ ചികിത്സിച്ചിരുന്നതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി ജയപ്രകാശ് പറഞ്ഞു. പരാതി കൊടുക്കുവാന്‍ രക്ഷിതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ആരോഗ്യ മന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.