കോട്ടയം- വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസ് കലിംഗ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിട്ടില്ലെന്ന് രജിസ്റ്റാർ സന്ദീപ് ഗാന്ധി. സർവ്വകലാശാല രേഖകളിൽ ഇങ്ങിനെയൊരു പേരില്ലെന്നും സന്ദീപ് ഗാന്ധി പറഞ്ഞു. കേരള സർവ്വകലാശാല ബന്ധപ്പെട്ടാൽ ഇക്കാര്യത്തിൽ മറുപടി നൽകാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിഖിലിന്റെ സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞിരുന്നു. നിഖിലിന്റെ എം.കോം പ്രവേശനത്തിൽ ക്രമക്കേടില്ലെന്ന് ആർഷോ പറഞ്ഞിരുന്നു. സർട്ടിഫിക്കറ്റ് വ്യാജമല്ലെന്നും നിഖിൽ പരീക്ഷ എഴുതി പാസായതാണ് എന്നുമായിരുന്നു ആർഷോ പറഞ്ഞത്. സർട്ടിഫിക്കറ്റ് കാണാതെയാണ് വ്യാജമെന്ന് വാർത്ത നൽകിയത്. 2018-ൽ കായംകുളം കോളേജിലെ യു.യു.സി എന്ന നിലയിലാണ് നിഖിൽ യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹിയായയത്. കോളേജിൽനിന്ന് തെരഞ്ഞെടുക്കപ്പെടുമ്പോൾ നിഖിൽ അവിടുത്തെ വിദ്യാർഥിയായിരുന്നുവെന്നും ആർഷോ പറഞ്ഞു.