ആലപ്പുഴ-വിവാഹ വേദിയിലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അഖിലും ആല്‍ഫിയയും ഒന്നിക്കുന്നു. വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്ര പരിസരത്ത് നിന്ന് പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ പെണ്‍കുട്ടിയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയച്ചു. പോലീസ് ആല്‍ഫിയയെ കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്റെ വീട്ടിലെത്തിച്ചിരുന്നു. ഈ സമയം അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇത് മജിസ്ട്രേറ്റ് അനുവദിക്കുകയായിരുന്നു. ഇരുവരും കോവളത്തേക്ക് മടങ്ങി.
കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തില്‍ അഖിലും ആല്‍ഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ക്ഷേത്ര പരിസരത്ത് നിന്നും കായംകുളം പോലീസ് കായംകുളം സ്വദേശിയായ ആല്‍ഫിയയെ ബലം പ്രയോഗിച്ച് കൂടിക്കൊണ്ട് പോവുകയായിരുന്നു. കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ ആല്‍ഫിയയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് കൊണ്ട് പോയതെന്നാണ് പോലീസിന്റെ വിശദീകരണം. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെണ്‍കുട്ടിയെ കൊണ്ട് പോയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളും പൊലീസിനൊപ്പമുണ്ടായിരുന്നെങ്കിലും കൂടെ പോകാന്‍ ആല്‍ഫിയ തയ്യാറായില്ല. ബലം പ്രയോഗിച്ചാണ് ഒടുവില്‍ സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്.
ആല്‍ഫിയയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി എന്നാണ് കായംകുളം പോലീസിന്റെ വിശദീകരണം. എന്നാല്‍ വെള്ളിയാഴ്ച ആല്‍ഫിയെ വീടുവിട്ട് കോവളത്തെത്തിയ കാര്യം ആല്‍ഫിയയുടെ ബന്ധുക്കള്‍ക്ക് അറിയാമായിരുന്നുവെന്ന് അഖില്‍ പറയുന്നു. അന്ന് തന്നെ ആല്‍ഫിയയുടെ ബന്ധുക്കള്‍ കോവളത്തെത്തിയിരുന്നു. കോവളം പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തനിക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് ആല്‍ഫിയ പറഞ്ഞുവെന്നും അഖില്‍ പറയുന്നു. പിന്നീട് കാണാന്മാനില്ലെന്ന പരാതി നല്‍കിയതിലും പോലീസിന്റെ ബലം പ്രയോഗത്തിലുമാണ് അഖിലിന്റെ ആക്ഷേപം. കായംകുളം പൊലീസിന്റെ നടപടിക്കെതിരെ അഖില്‍ കോവളം പോലീസിലാണ് പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് അഖിലും ആല്‍ഫിയയും തമ്മില്‍ പരിചയപ്പെട്ടത്.