കോട്ടയം - ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം പൂവന്‍തുരുത്ത് ഹെവിയ റബര്‍ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഊക്കാട്ടൂര്‍ സ്വദേശി ജോസി(55)നെയാണ് തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഹെവിയ റബര്‍ കമ്പനി ഫാക്ടറിക്ക് ഉള്ളില്‍ കയറണമെന്ന ആവശ്യവുമായാണ് ഇതര സംസ്ഥാനക്കാരന്‍ ഇവിടേക്ക് എത്തിയത്. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരനായ ജോസ് ഇത് തടഞ്ഞു. ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ ജോസിനെ കമ്പിവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ജോസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.