Sorry, you need to enable JavaScript to visit this website.

കരാര്‍ ജീവനക്കാരന്‍ സര്‍വ്വകലാശാല സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായെന്ന് ആരോപണം

കോഴിക്കോട് - ഗ്രാമ പഞ്ചായത്തിലെ കരാര്‍ ജീവനക്കാരന്‍ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി വിജയിച്ചതായി ആരോപണം.  എം. എസ് എഫ് നേതാവായ അമീന്‍ റാഷിദാണ് സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയെന്ന പേരില്‍ മത്സരിച്ച് ജയിച്ചത്. ഇയാള്‍ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയല്ലെന്നും യു ഡി എഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്റായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയാളാണെന്നും ആരോപിച്ച് എസ് എഫ് ഐ രംഗത്തെത്തി. മുഴുവന്‍ സമയ വിദ്യാര്‍ത്ഥിക്ക് മാത്രമേ സെനറ്റിലേക്ക് വിദ്യാര്‍ത്ഥി പ്രതിനിധിയായി മത്സരിക്കാന്‍ പാടുള്ളൂവെന്നാണ് സര്‍വ്വകലാശാല നിയമം. കൊട്ടപ്പുറം സീ ഡാക് കോളേജില്‍ ഡിഗ്രി രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണെന്ന രേഖയായിരുന്നു അമീന്‍ മത്സരിക്കാനായി സമര്‍പ്പിച്ചത്.  2021ല്‍ പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്ന്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിച്ച അമീന് പിന്നീട് കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കി പഞ്ചായത്ത് ഉത്തരവിറക്കുകയായിരുന്നു. ഇതു സംബന്ധിച്ച രേഖകളും പുറത്ത് വന്നു. മാസ ശമ്പളം കൈപ്പറ്റി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അമീനെ സെനറ്റില്‍ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് എസ് എഫ് ഐ പരാതി നല്‍കും.

 

 

Latest News