Sorry, you need to enable JavaScript to visit this website.

 ഉത്തര മലബാറിന്റെ ചിറകരിയുന്നതിനെ  തടയും -പ്രവാസി വെൽഫെയർ

ദമാം - കണ്ണൂർ എയർപോർട്ടിനോടുള്ള അവഗണനയ്‌ക്കെതിരെയും സൗദിയിലെ പ്രവാസികൾക്ക് മേൽ അടിച്ചേൽപപ്പിക്കുന്ന യാത്രാ വൈഷമ്യങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാൻ പ്രവാസി വെൽഫെയർ കണ്ണൂർ-കാസർകോട് അഖില സൗദി കോർഡിനേഷൻ ഓൺലൈൻ യോഗം തീരുമാനിച്ചു. 
രാഷ്ട്രീയ താൽപര്യങ്ങളും നിക്ഷിപ്ത താൽപര്യങ്ങളും ഒന്ന് ചേർന്ന്, വലിയ സാധ്യതകളുള്ള കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചയുടെ വഴികളെ തടസ്സപ്പെടുത്തുകയാണെന്ന് യോഗം വിലയിരുത്തി. കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികളെ ഒരു തരത്തിലും പരിഗണിക്കാതെ, പ്രായോഗിക നടപടികൾ എടുക്കാതെ വിഡ്ഢികളാക്കുന്ന ഭരണകൂടത്തിനും സമ്മർദം ചെലുത്താത്ത  രാഷ്ട്രീയ നേതൃത്വത്തിനും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.


തുടർക്കഥയായി മാറുന്ന അവഗണനയ്ക്ക് എതിരെയും വീഴ്ചകൾക്ക് എതിരെയും പ്രവാസികളെയും പ്രബുദ്ധരായ കേരള ജനതയെയും  അണിനിരത്തും. കക്ഷി രാഷ്ട്രീയഭേദെമന്യേ യോജിക്കേണ്ട വിഷയത്തിൽ എല്ലാവരും യോജിച്ചു നിൽക്കണം. സ്മാർട്ട് ഗവർണൻസിന്റെ കാലഘട്ടത്തിൽ കണ്ണൂർ വിമാനത്താവളവും അനുബന്ധിച്ചുള്ള നിരവധി സാധ്യതകളെയും കാലതാമസം വരുത്തി തകർക്കുന്നത് ന്യായീകരിക്കാൻ സാധിക്കില്ല. ഉത്തര മലബാറിന്റെ വികസനത്തിന്റെ ചിറകരിയുന്ന സമീപനത്തിനെതിരെ, മലബാറിന്റെ സാമ്പത്തിക സ്രോതസ്സായ പ്രവാസികളുടെ ആവശ്യങ്ങൾക്ക് ചെവികൊടുക്കാത്തതിനു എതിരെ ജനപ്രതിനിധികൾ അടക്കമുള്ളവർ ശക്തമായി മുന്നോട്ടു വരണം.  വിഷയത്തിൽ ശ്രദ്ധ ക്ഷണിക്കാനും, പ്രതിഷേധം  ഊർജിതപ്പെടുത്താനും പരിഹാരത്തിനു സമ്മർദം ചെലുത്താനും വിവിധ തലത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്യാൻ യോഗം തീരുമാനിച്ചു.

സൗദിയിലെ മുഴുവൻ പ്രവിശ്യകളിലെയും പ്രവാസി വെൽഫെയർ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സിറാജ് തലശ്ശേരി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ, കാസർകോട് ജില്ല വൈസ് പ്രസിഡന്റ മജീദ് നരിക്കോടൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. 
അഡ്വ. നവീൻ കുമാർ, ബഷീർ സി.എച്ച്, അഷ്‌റഫ് പാപ്പിനിശ്ശേരി, സലിം മാഹി, അബ്ദുൽ കരീം, ഷമീർ തണ്ടാരിയത്ത്, റിഫാസ് പഴയങ്ങാടി, ബിനാൻ ബഷീർ, ജമാൽ പയ്യന്നൂർ, ഷബീർ ചാത്തമംഗലം എന്നിവർ സംസാരിച്ചു. ഖലീലുൽ റഹ്മാൻ അന്നടുക്ക  സ്വാഗതവും ഷക്കീർ ബിലാവിനകത്ത് നന്ദിയും പറഞ്ഞു.

Latest News