റിയാദ് - തലസ്ഥാന നഗരിയില്‍ 40 കവര്‍ച്ച നടത്തിയ സംഘങ്ങളുടെ നേതാവായ കുടിയേറ്റ ഗോത്രക്കാരനായ മുപ്പതുകാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഒരു കവര്‍ച്ച സംഘത്തിലെ കണ്ണികള്‍ അറസ്റ്റിലായാല്‍ മറ്റൊരു സംഘം രൂപീകരിച്ചാണ് പ്രതി മോഷണങ്ങള്‍ നടത്തിയിരുന്നത്. റിയാദിലെ നാല്‍പതു ഭവനങ്ങളില്‍ പ്രതിയുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ കവര്‍ച്ചകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച് തിരിച്ചറിയപ്പെടാതിരിക്കുന്നതിന് മാറ്റങ്ങള്‍ വരുത്തിയ കാറുകളില്‍ സഞ്ചരിച്ചാണ് പ്രതിയും കൂട്ടാളികളും കവര്‍ച്ചകള്‍ നടത്തിയിരുന്നത്. സദാചാര കേസിലും യുവാവ് പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കിഴക്കന്‍ റിയാദിലെ ഡിസ്ട്രിക്ടില്‍ വെച്ച് പ്രത്യേകം കെണിയൊരുക്കിയാണ് പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടിയത്. സുരക്ഷാ സൈനികരെ ചെറുത്ത് മോഷ്ടിച്ച കാറില്‍ രക്ഷപ്പെടുന്നതിനുള്ള പ്രതിയുടെ ശ്രമം വിജയിച്ചില്ല.