കാസര്‍കോട് - പാണത്തൂര്‍ പരിയാരം വളവില്‍ കഴിഞ്ഞ രാത്രി ഒമ്പത് മണിക്ക് ചെമ്പേരി പെട്രോള്‍ പമ്പിലേക്ക് ഇന്ധനം കയറ്റി പോവുകയായിരുന്ന ടാങ്കര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് പരിയാരത്തെ കിണറുകളിലേക്ക് മുഴുവന്‍ ഡീസല്‍ ഒഴുകിയെത്തി. ലോറി മറിഞ്ഞപ്പോള്‍ ഉണ്ടായ ആഘാതത്തില്‍ ടാങ്കറില്‍ ഉണ്ടായിരുന്ന 12000 ലിറ്റര്‍ ഡീസലും ടാങ്ക് പൊട്ടി പുറത്തേക്ക് ഒഴുകുകയായിരുന്നു. ഈ ഡീസല്‍ മുഴുവന്‍ ഒഴുകിയെത്തിയത് സമീപത്തെ മുഴുവന്‍ വീടുകളിലെയും കിണറുകളിലേക്കാണ്. പരിയാരത്തെ മേരി ജോസഫ്, കിഴക്കേവീട്ടില്‍ സുബൈദ, അസിനാര്‍, ഖാലിദ്, സുരേഷ്, ഷഹാന, ശിഹാബ് തുടങ്ങി 12 ഓളം വീട്ടുകാരുടെ കിണറിലാണ് ഡീസല്‍ നിറഞ്ഞത്. ടാങ്കര്‍ ലോറി മറിഞ്ഞ അസിനാറിന്റെ വീടിന്റെ തൊട്ടടുത്ത വീടുകളാണ് സുബൈദയുടെയും മേരി ജോസഫിന്റെയും. ഈ മൂന്ന് വീട്ടുകാര്‍ റോഡിന് തൊട്ടടുത്തുള്ളവര്‍ ആയതിനാല്‍ മരണഭയത്തില്‍ ഉറക്കം പോലും നഷ്ടപ്പെട്ടാണ് വീടുകളില്‍ കഴിയുന്നത്. കിണറുകളില്‍ ഡീസല്‍ നിറഞ്ഞതോടെ അപകട ഭീതിക്കൊപ്പം ഈ കുടുംബങ്ങളുടെയല്ലാം കുടിവെള്ളവും മുട്ടി. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നല്‍കിയ ഉറപ്പ് പ്രകാരം ശനിയാഴ്ച ഇവര്‍ക്ക് കുടിവെള്ളം പഞ്ചായത്ത് അധികൃതര്‍ എത്തിച്ചു നല്‍കിയിരുന്നു. ഞായറഴ്ച ആര്‍ക്കും കുടിവെള്ളം കിട്ടിയിരുന്നില്ല.