പാരീസ് - 2030ല്‍ റിയാദില്‍ വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള നോമിനേഷന്‍ നടപടികളുടെ ഭാഗമായി റിയാദ് റോയല്‍ കമ്മീഷന്‍ പാരീസില്‍ സംഘടിപ്പിക്കുന്ന സ്വീകരണയോഗത്തില്‍ സൗദി കിരീടാവകാശിയും റോയല്‍ കമ്മീഷന്‍ ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സംബന്ധിക്കും. ചൊവ്വാഴ്ച പാരീസില്‍ നടക്കുന്ന അന്താരാഷ്ട്ര ബ്യൂറോ ഓഫ് എക്‌സിബിഷന്‍സ് ജനറല്‍ അസംബ്ലിക്ക് മുന്നോടിയായി അതില്‍ പങ്കെടുക്കുന്ന 179 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കാണ് നാളെ സൗദി അറേബ്യ സ്വീകരണമൊരുക്കുന്നത്.
2030ലെ വേള്‍ഡ് എക്‌സ്‌പോക്ക് റിയാദ് നഗരം സജ്ജമാണെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സ്വീകരണയോഗത്തില്‍ പ്രതിനിധികളെ ധരിപ്പിക്കും. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ജനറല്‍ അസംബ്ലി യോഗത്തില്‍ റിയാദിന് അനകൂലമായി വോട്ടുചെയ്യാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്യും.
റിയാദ് റോയല്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ റിയാദിന്റെ സാംസ്‌കാരിക, നാഗരിക തനിമയുടെ ആഴം പ്രകടമാക്കുകയും അതിന്റെ സാമ്പത്തിക, രാഷ്ട്രീയ പ്രഭാവം വ്യക്തമാക്കുകയും ചെയ്യും. അന്താരാഷ്ട്ര പരിപാടികളും ചടങ്ങുകളും സംഘടിപ്പിക്കാന്‍ നഗരത്തില്‍ ഒരുക്കിയ സൗകര്യങ്ങള്‍, 2030ന് മുമ്പ് പൂര്‍ത്തിയാക്കുന്ന ഭാവി പദ്ധതികള്‍ എന്നിവയും അതിഥികള്‍ക്ക് വിശദീകരിച്ച് നല്‍കും.
കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളം, സ്‌പോര്‍ട്‌സ് ട്രാക്ക്, കിംഗ് സല്‍മാന്‍ പാര്‍ക്ക്, ദര്‍ഇയ ഗൈറ്റ് തുടങ്ങിയ പദ്ധതികളുടെ വെര്‍ച്വല്‍ പ്രദര്‍ശനവും നടക്കും. ഫ്രാന്‍സിന്റെയും സൗദി അറേബ്യയുടെയും മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും എക്‌സ്‌പോയുടെ സംഘാടകരും യുനസ്‌കോ അടക്കമുള്ള സംഘടന പ്രതിനിധികളും വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും സംബന്ധിക്കും.
ഇറ്റലിയിലെ റോം, ദക്ഷിണ കൊറിയയിലെ ബുസാന്‍, ഉെ്രെകനിലെ ഒഡേസ എന്നീ നഗരങ്ങളും റിയാദിനൊപ്പം എക്‌സ്‌പോക്ക് വേണ്ടി മത്സരത്തിനുണ്ട്.