ദോഹ- മോന്‍സന്‍ മാവുങ്കല്‍ കേസില്‍ തനിക്ക് നേരിട്ട് യാതൊരു പങ്കുമില്ലെന്നും ഇരകള്‍ കബളിപ്പിക്കപ്പെട്ടോ എന്ന് അന്വേഷിക്കണമെന്നും ഖത്തറിലെ വ്യവസായിയും ഏബിള്‍ ഗ്രൂപ്പ് ചെയര്‍മാനും ഒ.ഐ.സി.സി. ഇന്‍കാസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ സിദ്ദീഖ് പുറായില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കേസുമായി ബന്ധപെട്ടു പേര് വലിച്ചിഴക്കുന്ന സാഹചര്യത്തില്‍ ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന സിദ്ദീഖ് പുറായില്‍. കേസിലെ പരാതിക്കാരനായ യാക്കൂബ് പുറായില്‍ തന്റെ സഹോദരനാണ്. അദ്ദേഹം പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ച് കോടികള്‍ പ്രതിക്ക് നല്‍കിയിരുന്നതും അവരുടെ ട്രാപ്പില്‍ പെട്ടുപോയതുമാണ്. ഇതേ കേസിലെ പരാതിക്കാരനായ അനൂപ് എന്ന വ്യക്തി മുമ്പ് ട്രാപ്പില്‍ പെട്ട ശേഷം സഹോദരനെ മനഃപൂര്‍വം ഇവരുടെ ട്രാപ്പില്‍ പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സഹോദരനോട് ആദ്യം തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്തുത ഇടപാടില്‍ പങ്കാളിയാവാന്‍ സഹോദരന്‍ ആവശ്യപ്പെട്ടു എന്നത് സത്യമാണ്. മോണ്‍സണ്‍ മാവുങ്കലുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പ്രതിയുടെ കൈവശമുള്ള വസ്തുക്കളെ കുറിച്ച് അറിഞ്ഞപ്പോള്‍ വിശ്വാസക്കുറവ് തോന്നുകയും എന്റെ സഹോദരനും മറ്റൊരു പരാതിക്കാരനായ ഷമീറും പ്രതിക്ക് കൊടുക്കാന്‍ പണം ആവശ്യപ്പെട്ട സമയത്ത് പരാതിക്കാരനായ ഷമീറിന്റെ ചെക്കുകളും എഗ്രിമെന്റ് വാങ്ങിവെച്ചുകൊണ്ടാണ് രണ്ടു മാസ കാലാവധി നിശ്ചയിച്ചു ഒരു കോടി രൂപ കടമായാണ് ഞാന്‍ എന്റെ സഹോദരന് പണം നല്‍കിയതെന്നും സിദ്ദീഖ് പുറായില്‍ പറഞ്ഞു .
അല്ലാതെ ഞാന്‍ നേരിട്ട് ഒരു ഇടപാടിലും പങ്കാളി ആയിട്ടില്ല. ഞാന്‍ പങ്കാളിയായി എന്ന തരത്തിലുള്ള പ്രചാരണം തീര്‍ത്തും ഖേദകരമാണ്.
വസ്തുത അറിയാതെ പണം നല്‍കിയ പല ആളുകളുമുണ്ടെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ പലരും നാണക്കേട് ഭയന്ന് പുറത്തു പറയാന്‍ തയറാകുന്നില്ല. ഈ നിലപടുകളാണ് ഇത്തരം തട്ടിപ്പുകാര്‍ക്ക് വളമാകുന്നത്. തന്റെ സമ്പത്തില്‍ വലിയ ഒരു പങ്കു മോണ്‍സണ്‍ കൈക്കലാക്കിയതുകൊണ്ടാണ് സഹോദരന്‍ യാഖൂബ് പരാതിയുമായി രംഗത്ത് വന്നത് . ഇങ്ങനെ വരുന്നവര്‍ക്ക് അവരുടെ പണം തിരികെ ലഭിക്കാനായ ശ്രമമാണ് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത് . എന്നാല്‍ പലരും ഇതിലൂടെ പല മുതലെടുപ്പുകളും നടത്തുകയാണ് . പരാതിക്കാരനായ ഷമീര്‍ യാഖൂബിന്റെ ഒരു ജീവനക്കാരന്‍ ആയിരുന്നു തുടക്കത്തില്‍ . പിന്നീടാണ് പാര്‍ട്ണര്‍ ആകുന്നതു . തന്റെ അറിവില്‍ ഷമീര്‍ ഒരു സി .പി .എം അനുഭാവിയാണെന്നും സിദ്ദീഖ് പറഞ്ഞു .
മൈസൂരിലെ തെരുവോരങ്ങളില്‍ നിന്നും വാങ്ങിയ വസ്തുക്കള്‍ മ്യൂസിയം നിര്‍മിച്ചു ആയവയില്‍ പ്രദര്‍ശിപ്പിച്ചു വലിയ മൂല്യം ഉള്ളവയാണ് എന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പുകള്‍ നടത്തിയത്. മാത്രമല്ല ഇക്കാര്യം വിശ്വസിച്ചുകൊണ്ട് പോലീസ് അദ്ദേഹത്തിന്റെ വീടിനു മുമ്പില്‍ എയ്ഡ് പോസ്റ്റ് പോലും സ്ഥാപിക്കുകയുണ്ടായി. ഇതില്‍ ഭരണകര്‍ത്താക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മറ്റ് സിനിമ സാമൂഹിക മേഖലയിലെ പ്രമുഖരും കുടുങ്ങിപ്പോയതായിരിക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ഇപ്പോള്‍ പ്രതിയാക്കിയിരിക്കുകയാണ്. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വര്‍ഷങ്ങളായി അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. ഇപ്പോള്‍ ഖത്തറിലെ സംഘടനാപരമായ ചില പ്രശ്‌നങ്ങളുടെ പേരില്‍ രണ്ടുമൂന്നു തവണ അദ്ദേഹത്തെ നേരിട്ട് സന്ദര്‍ശിച്ചിട്ടും വേണ്ടത്ര പരിഗണന നല്‍കാത്തത് കാരണം അദ്ദേഹവുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെങ്കിലും സത്യവും നീതിയും മാത്രമേ പറയാന്‍ സാധിക്കൂ. കൂടാതെ ആരോഗ്യ കാര്യങ്ങള്‍ വളരെ ചിട്ടയോടെ പരിപാലിക്കുന്ന വ്യക്തിയാണദ്ദേഹം. സുധാകരന്‍ പത്ത് ലക്ഷം രൂപക്കു വേണ്ടി ഇത്തരമൊരു തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് സാമാന്യ ബോധമുള്ള ഒരു മനുഷ്യനും വിശ്വസിക്കില്ല.മാത്രവുമല്ല അദ്ദേഹം ആവശ്യപ്പെട്ടാല്‍ പത്തോ പതിനഞ്ചോ ലക്ഷം രൂപ നല്‍കാന്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജ്ജരുമാണ്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ഇടപെടുന്ന ആളുകളെ മുഴുവന്‍ തിരിച്ചറിയാന്‍ കഴിയണമെന്നില്ല. പ്രത്യേകിച്ച് അദ്ദേഹം പ്രതിയെ സന്ദര്‍ശിക്കുന്ന സമയത്ത് പ്രതി ഡിപ്ലോമാറ്റ് ആണെന്നും അറിയപ്പെടുന്ന വ്യക്തിയും കേരളത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ എല്ലാ ഉന്നത ശ്രേണിയിലുള്ള ആളുകളുടെയും അടുത്ത പരിചയക്കാരനുമാണ്. അത്തരം ഒരു വ്യക്തിയെ ആ സമയത്ത് സുധാകരന്‍ സന്ദര്‍ശിച്ചു എന്നതുകൊണ്ട് അദ്ദേഹത്തെ പ്രതിയാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഈ വിഷയത്തില്‍ അന്വേഷണ സംഘം തന്നോട് വിവരങ്ങള്‍ തേടിയതായും ഇന്‍കാസ് നേതാവ് സിദ്ദീഖ് പുറായില്‍ പറഞ്ഞു . വാര്‍ത്താസമ്മേളനത്തില്‍ ഇന്‍കാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിന്‍ മേപ്പയൂര്‍ , മുന്‍ ജില്ല പ്രസിഡന്റ് അഷ്‌റഫ് വടകര , മുന്‍ ജില്ല സെക്രട്ടറി സി .വി അബ്ബാസ് എന്നിവരും പങ്കെടുത്തു.