പാലക്കാട്- നെല്ലിയാമ്പതിയിൽ കുരങ്ങന്മാർക്ക് മദ്യം നൽകാൻ ശ്രമിച്ച യുവാക്കൾ ക്യാമറയിൽ കുടുങ്ങി. ചുരം പാതയിലെ 14-ാം വ്യൂ പോയിന്റിനു സമീപം വാഹനം നിർത്തി വഴിയരികിലുണ്ടായിരുന്ന കുരങ്ങൻമാർക്ക് മദ്യക്കുപ്പി നീട്ടിയ യുവാക്കളാണ് വെട്ടിലായിരിക്കുന്നത്.
പിറകേ വന്ന കാറിലുണ്ടായിരുന്ന ഒരാൾ പകർത്തിയ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണമാരംഭിച്ചു. ദൃശ്യം പകർത്തിയ ചിറ്റൂർ സ്വദേശി ജ്യോതിഷ് നെന്മാറ ഫോറസ്റ്റ് ഡിവിഷനൽ ഓഫീസർക്കു മുന്നിൽ ഹാജരായി മൊഴി നൽകി. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിലുണ്ടായിരുന്ന യാത്രക്കാരെക്കുറിച്ച് അന്വേഷണം നടക്കുകയാണ് എന്നും നെല്ലിയാമ്പതി റെയ്ഞ്ച് ഓഫീസർ അജയ്‌ഘോഷ് അറിയിച്ചു.
ചുരം കയറുമ്പോൾ ജ്യോതിഷ് കൗതുകത്തിന് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് വിനോദസഞ്ചാരികളായ യുവാക്കളെ കുടുക്കിയത്. വാഹനത്തിന്റെ വാതിൽ തുറന്ന് മദ്യക്കുപ്പി കുരങ്ങന്മാർക്ക് നേരേ നീട്ടുന്ന ദൃശ്യമാണ് പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. അതിവേഗം അത് വൈറലായി. ദൃശ്യങ്ങൾ വനംവകുപ്പുദ്യോഗസ്ഥരുടെ ശ്രദ്ധയിലുംപെട്ടു. തുടർന്നാണ് അവർ ഉറവിടമന്വേഷിച്ച് ജ്യോതിഷിലെത്തിയത്.
നെല്ലിയാമ്പതി ചുരത്തിൽ വന്യജീവികളുമായി ഇടപഴകുന്നതിൽ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആനയും കാട്ടുപോത്തും ഉൾപ്പെടെയുള്ള മൃഗങ്ങൾ ചുരം റോഡിൽ പ്രത്യക്ഷപ്പെടാറുണ്ട്. മൃഗങ്ങൾക്ക് ഭക്ഷണമോ പാനീയമോ നൽകരുതെന്നാണ് സന്ദർശകർക്കുള്ള കർശന നിർദേശം. വന്യമൃഗങ്ങൾക്ക് മുന്നിൽനിന്ന് സാഹസികമായി ഫോട്ടോ എടുക്കുന്നതിനും വിലക്കുണ്ട്.
ഓരോ സ്ഥലത്തും സുരക്ഷാ മുൻകരുതലുകൾ സൂചിപ്പിച്ചു സ്ഥാപിച്ചിട്ടുള്ള ബോർഡുകളിലെ നിർദേശങ്ങൾ അനുസരിക്കണം. അതെല്ലാം ലംഘിക്കപ്പെട്ടതായാണ് വനംവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വന്യജീവികളെ ഉപദ്രവിക്കുന്നത് മൂന്നു വർഷം വരെ തടവോ 25,000 രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.