Sorry, you need to enable JavaScript to visit this website.

അഭിമന്യു വധം: മുഹമ്മദ് രക്ഷപ്പെട്ടത് കുടുംബസമേതം; കണ്ടെത്താന്‍ ഊര്‍ജിത ശ്രമം

കൊച്ചി-മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അക്രമി സംഘത്തെ വിളിച്ചു വരുത്തിയെന്ന് കരുതുന്ന കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദിനെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമമാരംഭിച്ചു. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ അറബി ബിരുദ വിദ്യാര്‍ത്ഥിയാണ് ചേര്‍ത്തല അരൂക്കുറ്റി സ്വദേശിയായ മുഹമ്മദ്. ഇയാള്‍ കുടുംബ സമേതം ഒളിവിലാണ്. അതേസമയം, കേസിലെ ഒന്നാം പ്രതി മുഹമ്മദ് അഭിമന്യുവിനെ വിളിച്ചതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. മുഹമ്മദിന്റെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കും. 
അഭിമന്യു വധക്കേസില്‍ കാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനായി കണ്ണൂരിലും തെരച്ചില്‍ നടത്തി. മുഹമ്മദ് റിസക്കായാണ് മട്ടന്നൂരിനടുത്ത് ശിവപുരത്ത് തെരച്ചില്‍ നടത്തിയത്. ആളെ കണ്ടെത്താനായില്ല.
പോപ്പുലര്‍ ഫ്രണ്ട് - എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി കല്ലറയ്ക്കല്‍ പറമ്പില്‍ നവാസ് (39), ചുള്ളിക്കല്‍ സ്വദേശി ജെഫ്രി (30) എന്നിവരെ പ്രത്യേകാന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസിലെ പ്രതികളെ തേടി പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും സ്ഥാപനങ്ങളിലും സംസ്ഥാന വ്യാപകമായി പരിശോധന നടത്തി.
അക്രമി സംഘത്തെ രക്ഷപ്പെടാന്‍ സഹായിക്കുകയും ഗൂഢാലോചനയില്‍ പങ്കെടുക്കുകയും ചെയ്തവരാണ് നവാസും ജെഫ്രിയുമെന്ന് പോലീസ് പറഞ്ഞു. അഭിമന്യുവിനെ ആക്രമിച്ച സംഘത്തില്‍ നവാസ് ഉണ്ടായിരുന്നുവോയെന്ന് പരിശോധിക്കും. സംഭവം നടക്കുമ്പോള്‍ നവാസ് മഹാരാജാസ് കോളേജിന് സമീപം എത്തിയതായി സംശയിക്കുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടിയെടുക്കും. പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മലപ്പുറം മഞ്ചേരിയിലെ സത്യസരണി, ഗ്രീന്‍വാലി എന്നീ കേന്ദ്രങ്ങളിലായിരുന്നു പരിശോധന.  കാടാമ്പുഴ മലബാര്‍ ഹൗസിലും തിരൂര്‍ ഡിവൈ.എസ്.പി ടി. ബിജു ഭാസ്‌കറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
 

Latest News