തിരുവനന്തപുരം - കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെ സുധാകരനെന്നാണ് എം.വി ഗോവിന്ദന്റെ ആരോപണം.
'താൻ പീഡിപ്പിക്കപ്പെടുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് അതിജീവിതയുടെ മൊഴിയെന്നു'മാണ് എം.വി ഗോവിന്ദൻ പറയുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പോക്‌സോ കേസിലും സുധാകരന്റെ മൊഴിയെടുക്കുന്നതിന് ശ്രമിക്കുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെ വാർത്ത ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിച്ചത്.