- ഡി.എം.കെയുടെയും മുസ്‌ലിം ലീഗിന്റെയും പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും
- ഡി.എം.കെ ഭരണം ജനാധിപത്യ വിരുദ്ധമാണെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഭരണകക്ഷികൾ തമ്മിലെ തല്ലെന്ന് ബി.ജെ.പി
ചെന്നൈ - തമിഴ്‌നാട്ടിൽ ഡി.എം.കെ മന്ത്രിയും മുസ്‌ലിം ലീഗ് എം.പിയും തമ്മിൽ ഏറ്റുമുട്ടി. മന്ത്രി രാജകണ്ണപ്പനും നവാസ് ഖനി എം.പിയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇടപെടാൻ ശ്രമിച്ച ജില്ലാ കലക്ടർ വിഷ്ണു ചന്ദ്രനെയും തള്ളി താഴെയിട്ടു. പിന്നാലെ ഡി.എം.കെ പ്രവർത്തകരും മുസ്‌ലിം ലീഗ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രാമനാഥപുരത്ത് സ്‌പോർട്‌സ് മീറ്റിലെ വിജയികളായ കുട്ടികൾക്കുള്ള അവാർഡ് ദാന ചടങ്ങിനിടെയാണ് സംഭവം.
എം.പി എത്തും മുമ്പേ പരിപാടി ആരംഭിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. മന്ത്രിയുടെ തിരക്കു കാരണം നിശ്ചിതസമയത്തിന് മുമ്പേ പരിപാടി തുടങ്ങുകയായിരുന്നു. ഇത് എം.പിയെ ചൊടിപ്പിക്കുകയും ഇതേ തുടർന്ന് മന്ത്രിയുമായി വാക്കേറ്റവും തുടർന്ന് കൈയാങ്കളിയിലേക്കും കാര്യങ്ങൾ എത്തുകയായിരുന്നു.
സംഭവത്തിൽ എം.പി, ജില്ലാ കലക്ടർ വിഷ്ണു ചന്ദ്രനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. കലക്ടറെ തള്ളിയിട്ട ആൾക്കെതിരെ പോലീസ് കേസെടുത്തു. ഡി.എം.കെ ഭരണം എല്ലാ അർത്ഥത്തിലും ജനാധിപത്യ വിരുദ്ധമാണെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഭരണകക്ഷിയിലെ ജനപ്രതിനിധികൾ തന്നെ പൊതുവേദിയിൽ തല്ലിയതെന്ന് ബി.ജെ.പി പ്രസിഡന്റ് കെ അണ്ണാമലൈ പ്രതികരിച്ചു. ജില്ലാ കലക്ടറെ തള്ളിയിട്ടതിനെയും അദ്ദേഹം അപലപിച്ചു.