തലശേരി- നവവധു ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം. പിണറായി പടന്നക്കരയിലെ മേഘാ മനോഹരന്റെ മരണത്തിലാണ് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. ഭര്‍ത്താവിന്റെ പീഡനമാണ് യുവതിയുടെ ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് ഇവരുടെ പരാതി. മേഘയുടെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു,കഴിഞ്ഞ ജൂണ്‍ പത്തിനാണ് കോഴിക്കോട്ടെ ഐ ടി സ്ഥാപനത്തില്‍ എന്‍ജിനീയറായിരുന്ന മേഘ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. ഒരു ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ജിം ട്രെയിനറുമായി മേഘ പ്രണയ വിവാഹം നടത്തിയത്. ഭര്‍തൃവീട്ടില്‍ പീഡനത്തിനിരയായാണ് മേഘ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
മേഘയുടെ ആത്മഹത്യയില്‍ കതിരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് അറിയിച്ചത്. അതിനാല്‍ ഭര്‍ത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.