കൊച്ചി - സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു, രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈമാസം ഇതുവരെ 2800 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത്. 877 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. ശരാശരി 15 പേര്‍ വീതം ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ ദിവസവും മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതോടെ,ഐ.സി.യു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ക്കും ബ്ലഡ് ബാങ്കുകളില്‍ പ്ലേറ്റ്ലെറ്റിനും ക്ഷാമം നേരിട്ട് തുടങ്ങി. കൊച്ചിയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ 8000 ത്തില്‍ അധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടിയതായാണ് കണക്ക്. ഇവരില്‍ 190 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കി പനിക്കെതിരെയുള്ള പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.