സോചി - ഇരുവശത്തേക്കും മാറിമറിഞ്ഞ ആവേശപ്പോരാട്ടത്തിൽ ആതിഥേയരായ റഷ്യയെ ഷൂട്ടൗട്ടിൽ തോൽപിച്ച് ക്രൊയേഷ്യയുടെ സുവർണ തലമുറ ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലിലെത്തി. കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടിയ ഗോളടിച്ച ബ്രസീലുകാരനായ റഷ്യൻ താരം മാരിയൊ ഫെർണാണ്ടസ് ഷൂട്ടൗട്ടിൽ പുറത്തേക്കടിച്ചതോടെയാണ് നാടകീയമായി മാറിമറിഞ്ഞ ത്രില്ലർ ക്രൊയേഷ്യയുടെ വഴിയിലേക്ക് തിരിഞ്ഞത്. ഇവാൻ റാകിറ്റിച് അവസാന കിക്ക് ഗോളാക്കിയതോടെ 4-3 ന് ക്രൊയേഷ്യ ഷൂട്ടൗട്ട് ജയിച്ചു. ക്രൊയേഷ്യയുടെ കൊവാസിച്ചിനും റഷ്യയുടെ ആദ്യ കിക്കെടുത്ത ഫിയദോർ സമോലോവിനും പിഴച്ചിരുന്നു.
ടൂർണമെന്റിലെ തന്നെ മികച്ചതെന്നു കരുതാവുന്ന ഗോൾ പിറന്നെങ്കിലും പൊതുവെ വിരസമായ നിശ്ചിത സമയത്തിനു ശേഷം എക്‌സ്ട്രാ ടൈമിലാണ് കളി ആവേശത്തിന്റെ കൊടുമുടി കയറിയത്. തുടർച്ചയായി രണ്ടാമതും എക്‌സ്ട്രാ ടൈം കളിക്കേണ്ടി വന്ന കളിക്കാർ അവസാന ഊർജവും നൽകി വിജയത്തിനായി പൊരുതി. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ദോമഗോയ് വീദ ഗോളടിച്ചപ്പോൾ ക്രൊയേഷ്യ സെമിയുറപ്പിച്ചുവെന്ന് തോന്നി. എന്നാൽ രണ്ടാം പകുതിയിൽ മാരിയൊ ഫെർണാണ്ടസിന്റെ ഹെഡർ റഷ്യയുടെ ആയുസ്സ് വീണ്ടും ഷൂട്ടൗട്ടിലേക്ക് നീട്ടിയെടുത്തു. ബ്രസീലുകാരനായ മാരിയോക്ക് ലോകകപ്പിന് മുമ്പ് പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ പ്രത്യേക ഉത്തരവ് ഇറക്കിയാണ് റഷ്യൻ പൗരത്വം നൽകിയത്. ബോക്‌സിന് പുറത്ത് ഹാന്റ്‌ബോളിന് കിട്ടിയ ഫ്രീകിക്ക് അലൻ സഗായേവ് ഉയർത്തിയത് ഏവർക്കും മുകളിലുയർന്ന് മാരിയൊ വലയിലേക്ക് തിരിച്ചുവിട്ടപ്പോൾ ഗാലറി ഇളകിമറിഞ്ഞു. ആദ്യ പകുതിയിലെ ഗോളുകളിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 സമനില പാലിക്കുകയായിരുന്നു. ഡെനിസ് ചെറിഷേവിന്റെ എണ്ണം പറഞ്ഞ ഗോളിൽ റഷ്യ മുന്നിലെത്തിയപ്പോൾ ആന്ദ്രെ ക്രമാരിച്ചിലൂടെ ക്രൊയേഷ്യ തിരിച്ചടിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരവും എക്‌സ്ട്രാ ടൈം കളിക്കേണ്ടി വന്നതോടെ ജീവഛവമായ കളിക്കാർ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീദയുടെ അത്ര കരുത്തില്ലാത്ത ഹെഡർ കൂട്ടപ്പൊരിച്ചിലിനിടയിൽ റഷ്യൻ വലയിലെത്തിയത്. എല്ലാ സബ്സ്റ്റിറ്റിയൂഷനും കഴിഞ്ഞ ശേഷം ഗോളി ഡാനിയേൽ സുബാസിച്ചിനും മാരിയൊ മൻസൂകിച്ചിനും പരിക്കേറ്റത് ക്രൊയേഷ്യക്ക് ആശങ്ക സൃഷ്ടിച്ചു.
സോചി ഫിഷ്റ്റ് സ്റ്റേഡിയത്തിലെ അവസാന മത്സരത്തിന്റെ ആദ്യ അര മണിക്കൂർ നിറം കെട്ടതായിരുന്നു. ഇരു ടീമുകളും എതിരാളികളുടെ കരുത്തളന്ന് ഒതുങ്ങിക്കളിക്കുകയായിരുന്നു. എന്നാൽ മുപ്പത്തൊന്നാം മിനിറ്റിലെ ചെറിഷേവിന്റെ മിന്നലാക്രമണം കളിയെ ആലസ്യത്തിൽ നിന്ന് ഉണർത്തി. 30 വാര അകലെനിന്ന് ഡിഫന്റർമാർക്കിടയിലൂടെ ഗോളിക്ക് ഒരവസരവും നൽകാതെയുള്ള ആ ഷോട്ട് ടൂർണമെന്റ് ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ഗോളായി. ആർതെം സ്യൂബയുമായി പന്ത് കൈമാറി വന്ന ചെറിഷേവ് തന്നെ തടയാൻ വന്ന ലൂക്ക മോദ്‌റിച്ചിനെ വെട്ടിച്ച ശേഷം പറത്തിയ ഇടങ്കാലൻ ലോംഗ്‌റെയ്ഞ്ചർ ക്രൊയേഷ്യയുടെ ഷൂട്ടൗട്ട് ഹീറോ ആയ ഗോൾകീപ്പർ സുബാസിച് ഒന്ന് ചലിക്കുന്നതിന് മുമ്പെ ഇടതു പോസ്റ്റിനെയുരുമ്മി വലയുടെ മേൽക്കൂരയിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തിനു ശേഷം ഓപൺ പ്ലേയിൽ നിന്ന് റഷ്യ ലക്ഷ്യത്തിലേക്ക് പായിച്ച ആദ്യ ഷോട്ടായിരുന്നു അത്. നീണ്ട കാത്തിരിപ്പ് വെറുതെയായില്ലെന്ന് തോന്നിച്ച ഗോൾ.
അതോടെ ക്രൊയേഷ്യ അതിസൂക്ഷ്മത കൈവിട്ടു. റഷ്യയുടെ ലീഡിന് എട്ട് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായുള്ളൂ. മുപ്പത്തൊമ്പതാം മിനിറ്റിൽ അതിവേഗ നീക്കത്തിൽ ക്രമാരിച് ഹെഡറിലൂടെ ഗോൾ മടക്കി. വലതു വിംഗിലൂടെ കുതിച്ച് ബോക്‌സിലെ ആൾക്കൂട്ടത്തിനിടയിലൂടെ ക്രമാരിച്ചിനെ കണ്ടെത്തിയ മൻസൂകിച്ചിനാണ് ആ ഗോളിന്റെ ക്രെഡിറ്റ്. ക്രമാരിച്ചിന്റെ ഹെഡർ ഗോളി ഇഗോർ അകിൻഫിയേവിന് ഒരവസരവും നൽകിയില്ല. പ്രഹരശേഷി കൂട്ടാനായി ടീമിലുൾപ്പെടുത്തിയതാണ് ക്രമാരിച്ചിനെ.
ഇടവേളക്കു ശേഷം റഷ്യ തളർന്നു. വിജയ ഗോളിനായി ക്രൊയേഷ്യ നിരന്തരം ആക്രമണം നടത്തി. ഇവാൻ പെരിസിച്ചിന്റെ നിലംപറ്റെയുള്ള ഷോട്ട് ഗോളിയെ കീഴടക്കിയ ശേഷം പോസ്റ്റിനിടിച്ച് ഗോൾലൈനിന് സമാന്തരമായി മടങ്ങിയപ്പോൾ ക്രൊയേഷ്യൻ ആരാധകർ വിശ്വസിക്കാനാവാതെ തലയിൽ കൈവെച്ചു. പ്രി ക്വാർട്ടർ ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ രക്ഷിച്ച സുബാസിച് നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കേ പരിക്കേറ്റ് വീണു. അഞ്ച് മിനിറ്റോളം ഗോളിക്ക് ചികിത്സ വേണ്ടിവന്നു.