എടക്കര- മുണ്ടേരിയിലെ ഗോത്ര വിഭാഗങ്ങള്‍ക്ക് ചാലിയാര്‍ പുഴ കടക്കാന്‍ പാലം യാഥാര്‍ഥ്യമായില്ല. ഇത്തവണയും ചങ്ങാടം നിര്‍മിച്ച് ആദിവാസികള്‍. ചാലിയാര്‍ പുഴയ്ക്ക് മറുകരയില്‍ താമസിക്കുന്ന ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, കുമ്പളപ്പാറ എന്നീ കോളനികളിലെ ആദിവാസികളാണ് ചാലിയാര്‍ പുഴയ്ക്ക് കുറുകെ പാലമെന്ന് സ്വപ്നവുമായി കാലങ്ങളായി കഴിയുന്നത്.
2019 ലെ പ്രളയത്തിലാണ് ഇരുട്ടുകുത്തിയിലെ നടപ്പാലം ഒലിച്ചുപോയത്. നിര്‍മാണത്തിലെ ക്രമക്കേടും അശാസ്ത്രീയതയുമാണ് നടപ്പാലം ഒലിച്ചുപോകാന്‍ കാരണമായത്. ഈ പാലം ഒലിച്ചുപോയതോടെ വനത്തിനുള്ളില്‍ ഒറ്റപ്പെട്ട ആദിവാസികള്‍ക്ക് ഹെലികോപ്റ്റര്‍ വഴിയാണ് ഭക്ഷ്യവസ്തുക്കളും കുടിവെള്ളവുമെത്തിച്ചത്. തുടര്‍ന്ന് ഇരുട്ടുകുത്തിയില്‍ ഗതാഗതയോഗ്യമായ പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ രണ്ടു കോടി രൂപ വകയിരുത്തിയിരുന്നു.
എന്നാല്‍ പാലം നിര്‍മാണം നടന്നില്ല. കഴിഞ്ഞ ബജറ്റില്‍ ഇവിടെ പാലം നിര്‍മിക്കാന്‍ ബജറ്റില്‍ ടോക്കണ്‍ വെക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിനിടയില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോര്‍പസ് ഫണ്ട് ഉപയോഗിച്ച് നാലു കോളനികളുടെയും അടിസ്ഥാന വികസനത്തിന് മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ പാലം നിര്‍മാണത്തിനും ഫണ്ട് ഉണ്ടായിരുന്നു. മണ്ണ് പരിശോധനയും മറ്റും നടന്നുവെങ്കിലും പാലമെന്നത് ആദിവാസികള്‍ക്ക് ഇന്നും സ്വപ്നമായി അവശേഷിക്കുകയാണ്. മഴക്കാലമായാല്‍ മുളകള്‍കൊണ്ടു കെട്ടിയുണ്ടാക്കിയ ചങ്ങാടം(പാണ്ടി) ഉപയോഗിച്ച് ചാലിയാര്‍ പുഴ അതിസാഹസികമായി കടന്നാണിവര്‍ വിവിധ ആവശ്യങ്ങള്‍ക്ക് പുറംലോകത്തെത്തുന്നത്. നിലമ്പൂര്‍, പോത്തുകല്‍, മുണ്ടേരി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളാണ് പാലമില്ലാത്തതിനാല്‍ ഏറെ കഷ്ടപ്പെടുന്നത്. മഴക്കാലം ആദിവാസികള്‍ക്ക് ദുരിതങ്ങളുടെ പെരുമഴക്കാലമാണ്. ഇത്തവണ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ആദിവാസകള്‍ കാട്ടില്‍നിന്നു മുളകള്‍ വെട്ടി ചങ്ങാടം തയാറാക്കിയിട്ടുണ്ട്.