പെരിന്തല്‍മണ്ണ- കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനും അമിത വില ഈടാക്കുന്നതിനുമെതിരെയുള്ള നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ പരിശോധന നടത്തി. പൊതുവിതരണം, ലീഗല്‍ മെട്രോളജി, റവന്യു, പോലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അരി, പലചരക്ക്, പച്ചക്കറി, മത്സ്യ-മാംസ വില്‍പ്പനശാലകള്‍, മൊത്തവ്യാപാര ശാലകള്‍, റീട്ടയില്‍ വില്‍പ്പനശാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ കടയുടമകള്‍ക്ക് നോട്ടിസ് നല്‍കുകയും രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പൊതുവിപണിയില്‍ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇനിയും കര്‍ശന പരിശോധനകള്‍ തുടരുമെന്നും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.