പത്തനംതിട്ട- അടൂരില്‍ കടയടച്ച് വീട്ടിലേക്ക് പോയ വയോധികനായ വ്യാപാരിയെ ബൈക്കില്‍ പിന്തുടര്ന്ന് അഞ്ചു പവന്റെ മാല കവര്‍ച്ച ചെയ്യാന്‍ നോക്കുന്നതിനിടെ യുവതി പിടിയിലായി. ബൈക്ക് ഓടിച്ച കാമുകന് ഓടി രക്ഷപ്പെട്ടു.
കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കല്‍ കോളനിയില്‍ ശിവജി വിലാസം സരിത(27)യാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പതിനാലാം മൈലില്‍ കട നടത്തുന്ന പെരിങ്ങനാട് മേലൂട് അമ്പാടി ജങ്ഷന് തങ്കപ്പവിലാസം വീട്ടില്‍ തങ്കപ്പന്റെ(61) മാല ബൈക്കില്‍ എത്തി പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് യുവതി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന കാമുകന് അന്‍വര്‍ഷ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
തങ്കപ്പന് ബലം പ്രയോഗിക്കുകയും പ്രതികളുമായി മല്‍പ്പിടുത്തം ഉണ്ടാവുകയും ചെയ്തപ്പോള്‍ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ സരിതയെ തടഞ്ഞു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സരിതയും അന്‍വര്‍ഷായും പതിനഞ്ചോളം മോഷണകേസുകളില്‍ പ്രതികളാണന്ന് പോലീസ് പറഞ്ഞു.
സരിതയെ അടൂര്‍ കോടതി റിമാന്‍ഡു ചെയ്തു. അന്‍വര്‍ ഷാക്കായി അന്വേഷണം ആരംഭിച്ചു.