Sorry, you need to enable JavaScript to visit this website.

നിഹാലിന്റെ മരണം ഓർമപ്പെടുത്തുന്നത്

തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭാഗത്ത് നിന്ന് വലിയ തോതിലുള്ള പാളിച്ചകൾ സംഭവിക്കുന്നുവെന്നത് മറച്ചുവെക്കാനാകാത്ത യാഥാർഥ്യമാണ്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വകുപ്പ് മന്ത്രിയെന്ന നിലയിൽ എം.ബി. രാജേഷിനും സംസ്ഥാന ഭരണകൂടത്തിനും വലിയ ഉത്തരവാദിത്തം ഇക്കാര്യത്തിൽ നിർവഹിക്കാനുണ്ട്. 


കണ്ണൂരിലെ മുഴുപ്പിലങ്ങാട്ട് തെരുവുനായ്ക്കൾ കടിച്ചു കീറിക്കൊന്ന നിഹാൽ നിഷാദ് എന്ന പതിനൊന്നുകാരന്റെ ആത്മാവ് കേരള സമൂഹത്തെയും ഇവിടുത്തെ ഭരണകൂടത്തെയും ചിലത് ഓർമിപ്പിക്കുന്നുണ്ട്. ഒന്നുറക്കെ നിലവിളിക്കാൻ പോലുമാകാതെ മാനസികമായ വെല്ലുവിളികൾ നേരിടുന്ന ആ കൊച്ചു കുഞ്ഞ് ഏറ്റവാങ്ങിയ അതിക്രൂരമായ മരണം ഇനിയെങ്കിലും ഇവിടുത്തെ ഭരണകൂടത്തിന്റെയും പൊതു സമൂഹത്തിന്റെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. 
ഒരു നിഹാൽ മാത്രമല്ല, ഒരുപാട് നിഹാലുമാർക്കാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ജീവൻ വെടിയേണ്ടി വന്നത്. ദിവസേനയെന്നോണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേർക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നു. നിഹാലിന്റെ മരണത്തിലൂടെ പോലും അതിനൊരു ഉത്തരം കണ്ടെത്താൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്നതാണ് ഏറ്റവും ദൗർഭാഗ്യകരവും വേദനാജനകവുമായ കാര്യം.
കേരളത്തിൽ മാത്രമല്ല, തെരുവുനായ്ക്കളുടെ ആക്രമണം രാജ്യത്താകെ ജനങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ മറ്റു പല സംസ്ഥാനങ്ങളേക്കാളും സ്ഥിതിഗതികൾ ആശങ്കാജനകവും ഗുരുതരവുമാണ്. ഒരു പകർച്ചവ്യാധി വ്യാപിക്കുന്നതിനേക്കാൾ ഭയാനകമാണ് ഇപ്പോൾ തെരുവുനായ്ക്കളിൽ നിന്നുള്ള ആക്രമണ ഭീതി. കുട്ടികൾക്ക് സ്‌കൂളിൽ പോകാനോ പുറത്തിറങ്ങി കളിക്കാനോ പറ്റാത്ത അവസ്ഥ. മുതിർന്നവർക്ക് വഴി നടക്കണമെങ്കിൽ വടിയോ മറ്റു ആയുധങ്ങളോ കൈയയ്യിൽ കരുതേണ്ട സ്ഥിതിയാണ്. ഈ വർഷം ഇതുവരെ ആറ് പേരാണ് തെരുവുനായ്ക്കളുടെ കടിയിൽ പേവിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞ വർഷം 21 പേരാണ് മരണത്തിന് കീഴടങ്ങിയത്. 2016 ന് ശേഷം സംസ്ഥാനത്ത് എട്ടു ലക്ഷത്തോളം പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 
മൃഗസംരക്ഷണ നിയമത്തെ കുറ്റപ്പെടുത്തി തെരുവുനായ്ക്കളുടെ വിപത്തിൽ നിന്ന് ഒളിച്ചോടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നത് വളരെ ദൗർഭാഗ്യകരമാണ്. നിഹാലിന്റെ മരണത്തിന് ശേഷം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും ജാഗ്രതയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറയുന്നുണ്ട്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മനുഷ്യ ജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ മന്ത്രി എം.ബി. രാജേഷ് തന്നെ നിരവധി തവണയായി ഇത് സംബന്ധിച്ച് പ്രസ്താവനകൾ നടത്തുന്നതല്ലാതെ തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടാനുള്ള  യാതൊരു നടപടികളും ഉണ്ടാകുന്നില്ല. പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും കോർപറേഷനുകളെയും കുറ്റപ്പെടുത്തിക്കൊണ്ട് അവരുടെ ഉദാസീനതയാണ് എല്ലാത്തിനും കാരണമെന്ന് പറഞ്ഞ് ഫെയ്‌സ് ബുക്ക് കുറിപ്പിട്ട് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകുകയാണ് മന്ത്രി ഇപ്പോൾ ചെയ്തിട്ടുള്ളത്. 
തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭാഗത്ത് നിന്ന് വലിയ തോതിലുള്ള പാളിച്ചകൾ സംഭവിക്കുന്നുവെന്നത് മറച്ചുവെക്കാനാകാത്ത യാഥാർത്ഥ്യമാണ്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വകുപ്പ് മന്ത്രിയെന്ന നിലയിൽ എം.ബി. രാജേഷിനും സംസ്ഥാന ഭരണകൂടത്തിനും വലിയ ഉത്തരവാദിത്തം ഇക്കാര്യത്തിൽ നിർവഹിക്കാനുണ്ട്. 
മൃഗസംരക്ഷണ നിയമത്തിലെ ചില നിബന്ധനകൾ തെരുവുനായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നുണ്ടെന്നത് വാസ്തവമാണ്. എന്നാൽ അതിന്റെ പേരിൽ യാതൊരു നടപടിയും എടുക്കാതെ തെരുവിൽ നായ്ക്കളുടെ ആക്രമണത്തിന് ജനങ്ങളെ വിട്ടുകൊടുക്കുകയല്ല വേണ്ടത്. നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഇതിന് പരിഹാരം കാണാൻ കഴിയണം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചില ചട്ടങ്ങളാണ് തെരുവുനായ്ക്കളുടെ  നിയന്ത്രണത്തിന് പ്രധാന തടസ്സമാകുന്നത്. പ്രായോഗികത കണക്കിലെടുത്ത് അനിമൽ ബർത്ത് കൺട്രോൾ (എബിസി) റൂൾസ് 2001 ഭേദഗതി ചെയ്താൽ മാത്രമേ ഫലപ്രദമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്ന വാദം ശക്തമാണ്. 
ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ അനുമതിയുണ്ടെങ്കിലും അക്രമകാരികളായ തെരുവുനായ്ക്കളെ ഒഴിവാക്കാൻ കേന്ദ്ര നിയമം അനുവദിക്കുന്നില്ല. അക്രമകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ കൊല്ലാൻ വ്യവസ്ഥകളോടെ അനുമതി നൽകണമെന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ  ആവശ്യം നിരാകരിക്കപ്പെടുകയാണുണ്ടായത്. എന്നാൽ ഇതൊന്നും പ്രശ്‌നം പരിഹരിക്കാത്തതിനുള്ള ഒഴിവുകഴിവായി കണക്കാക്കിക്കൂടാ. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും വാക്‌സിനേറ്റ് ചെയ്യാനുമുള്ള നടപടികൾ നടക്കാത്തതാണ് നായ്ക്കളുടെ പ്രജനനത്തിന് കാരണമാകുന്നത്. 
2022 സെപ്റ്റംബർ ഒന്ന് മുതൽ 2023 ജൂൺ 11 വരെ 4,70,534 നായ്ക്കളെ വാക്സിനേറ്റ് ചെയ്തുവെന്നാണ് സർക്കാർ വീമ്പു പറയുന്നത്. എന്നാൽ ഇതിന്റെ ഉള്ളറകളിലേക്ക് കടക്കുമ്പോഴാണ് കണക്കിലെ കളികൾ വ്യക്തമാകുക. വാക്‌സിനേറ്റ് ചെയ്യപ്പെട്ട നായ്ക്കളിൽ കേവലം 32,061 എണ്ണം മാത്രമാണ് തെരുവുനായ്ക്കൾ. ബാക്കി 4,38,473 എണ്ണം വളർത്തു നായ്ക്കളാണ്. വളർത്തു നായക്കളുടെ വാക്‌സിനേഷൻ അതിന്റെ ഉടമകൾ ഏറ്റെടുത്ത് ചെയ്യുന്നതാണ്. അതിൽ സർക്കാരിനോ അല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കോ വലിയ മഹിമയൊന്നും അവകാശപ്പെടാനില്ല. വളർത്തുനായ്ക്കളല്ല, തെരുവുനായ്ക്കളാണ് പ്രശ്‌നം. അവയ്ക്കാണ് വന്ധീകരണവും വാക്‌സിനേഷനുമെല്ലാം നൽകേണ്ടത്. 
കണക്കുകളിൽ ചില തിരുകിക്കയറ്റലുകൾ നടത്തിയതുകൊണ്ട് തെരുവുനായ്ക്കളുടെ പ്രശ്‌നം അവസാനിപ്പിക്കാനാകില്ല. കേന്ദ്ര വ്യവസ്ഥകൾ അനുസരിച്ച് തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണത്തിനുള്ള എബിസി കേന്ദ്രങ്ങൾ നടത്തിക്കൊണ്ടു പോകുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. എയർ കണ്ടീഷണർ സ്ഥാപിച്ച ഓപറേഷൻ തിയേറ്ററിലായിരിക്കണം നായ്ക്കളുടെ വന്ധ്യംകരണമെന്നതും നാല് ദിവസം ശുശ്രൂഷിച്ച ശേഷം മുറിവുണങ്ങിയ ശേഷം മാത്രമേ നായ്ക്കളെ വിടാൻ പാടുള്ളൂവെന്ന വ്യവസ്ഥകൾ പാലിക്കാൻ സാധിക്കുന്നില്ലെന്നും സർക്കാർ പറയുന്നു. മാത്രമല്ല, ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കാനോ അവിടെ വന്ധ്യംകരണം നടത്താനോ തദ്ദേശ സ്ഥാപനങ്ങൾ തയാറാകുന്നുമില്ല. തെരുവുനായ്ക്കളെ അവയ്ക്ക് അപകടം പറ്റാതെ പിടികൂടുന്നതിനുള്ള വിദഗ്ധരായ നായ പിടിത്തക്കാരെ കിട്ടാനില്ലെന്നതും തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് തടസ്സമാകുന്നുണ്ട്. 
ഇത്തരം പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമങ്ങൾ നടത്താൻ അധികൃതതർ തയാറാകുന്നില്ലെന്നതാണ് പ്രശ്‌നം. കേന്ദ്രത്തെയോ മൃഗസംരക്ഷണ നിയമങ്ങളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രായോഗിക മാർഗങ്ങൾ ആലോചിക്കുകയാണ് വേണ്ടത്. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും മാത്രമല്ല, പൊതുസമൂഹവും ഒരു പരിധി വരെ ഈ പ്രശ്‌നങ്ങൾക്ക് ഉത്തരവാദികളാണ്. ആവശ്യത്തിലധികം ഭക്ഷണം ഉണ്ടാക്കുകയും കഴിച്ചതിന് ശേഷം ബാക്കി വരുന്നത് വലിച്ചെറിയുകയും ചെയ്യുകയെന്നത് മലയാളിയുടെ പൊതുശീലമാണ്. തെരുവുനായ്ക്കൾ പെറ്റുപെരുകുന്നതിന്റെ ഏറ്റവും വലിയ കാരണം അവയ്ക്കാവശ്യമുള്ള ഭക്ഷണം ഇഷ്ടം പോലെ കിട്ടാനുണ്ടെന്നത് തന്നെയാണ്. പൊതു സ്ഥലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്ന പ്രവണത അവസാനിപ്പിച്ചാൽ മാത്രമേ  തെരുവുനായ്ക്കളുടെ ശല്യവും അവസാനിപ്പിക്കാനാകൂ. പൊതുസമൂഹത്തിന് ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്. നിഹാൽ നിഷാദ് എന്ന കുഞ്ഞിന് സംഭവിച്ചത് ഇനിയാർക്കും സംഭവിക്കാതിരിക്കണമെങ്കിൽ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ആവശ്യമായ നടപടികൾ എടുക്കണം. അതിന് പിന്തുണയുമായി കേരള സമൂഹവും മുന്നിൽ നിൽക്കേണ്ടതുണ്ട്.

Latest News