കോഴിക്കോട് - മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല കത്തയച്ച പാലക്കാട് സ്വദേശി പിടിയിൽ. കോഴിക്കോട്ടെ മാധ്യമപ്രവർത്തക നല്കിയ പരാതിയിൽ പാലക്കാട് ഹേമാംബിക നഗറിൽ രാജഗോപാലി(76)നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
മാധ്യമപ്രവർത്തകയുടെ പരാതിയിൽ ഇയാൾ താമസിക്കുന്ന പാലക്കാട്ടെ ലോഡ്ജിലെത്തി പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ചതിനെത്തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി, പിന്നീട് ജാമ്യത്തിൽ വിട്ടതായി പോലീസ് പറഞ്ഞു. പാലക്കാട് ജില്ലയിലെ വനിതാ ജുഡീഷ്യൽ ഓഫീസർക്ക് അശ്ലീല കത്തയച്ചുവെന്ന പരാതിയിൽ ഇയാളെ പാലക്കാട് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വിവിധ മാധ്യമസ്ഥാപനങ്ങളിലെ വനിതാ മാധ്യമപ്രവർത്തകർക്ക് ഏതാനും വർഷമായി അശ്ലീല കത്തുകൾ ലഭിച്ചിരുന്നു. എന്നാൽ ആരാണ് കത്തയച്ചതെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.