(ചേറ്റുവ) തൃശൂർ - മത്സ്യബന്ധ വള്ളത്തിന്റെ എഞ്ചിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ 41 തൊഴിലാളികളെയും ഫിഷറീസ് റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. തൃശൂർ ചേറ്റുവയിൽ നിന്നും ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിന് പുറപ്പെട്ട എടക്കഴിയൂർ സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബർക്കത്ത് എന്ന വള്ളമാണ് കടലിൽ കുടുങ്ങിയത്.
നാട്ടിക കരയിൽ നിന്നും രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു എൻജിൻ തകരാറിലായത്. ഉടനെ തൊഴിലാളികൾ വിവരം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഇതോടെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുലേഖയുടെ നിർദേശപ്രകാരം ചേറ്റുവയിൽ നിന്നും ഫിഷറീസ് റെസ്‌ക്യൂ ബോട്ട് സംഭവ സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. 11 മണിയോടെ വള്ളത്തിലുണ്ടായിരുന്നവരെ ചേറ്റുവ ഹാർബറിലെത്തിച്ചു. നാട്ടിക എഫ്.ഇ.ഒ അശ്വിൻ, മറൈൻ എൻഫോസ്‌മെന്റ് വിംഗ് കോസ്റ്റൽ സീനിയർ സി.പി.ഒ വികാസ്, റെസ്‌ക്യൂ ഗാർഡുമാരായ ബി.എച്ച് ഷെഫീക്, വിബിൻ, സ്രാങ്ക് റസാഖ്, ഡ്രൈവർ റഷീദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.