ജിദ്ദ - ഉയര്‍ന്ന അപകട സാധ്യതകള്‍ക്കും നിരവധി സെന്‍ട്രല്‍ ബാങ്കുകള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ക്കുമിടെയും ആറു ലക്ഷത്തോളം സൗദികള്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപങ്ങള്‍ നടത്തിയതായി കണക്ക്. പതിനാലു അറബ് രാജ്യങ്ങളില്‍ നിന്ന് 11.34 ദശലക്ഷം പേര്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ശക്തമായ ചാഞ്ചാട്ടങ്ങള്‍ക്ക് പേരുകേട്ട ക്രിപ്‌റ്റോ കറസന്‍സികളില്‍ പണം നിക്ഷേപിക്കുന്നതിന് അപകട സാധ്യത കൂടുതലാണ്. പ്രശസ്തമായ എഫ്.ടി.എക്‌സ് എക്‌സ്‌ചേഞ്ചിന്റെ പാപ്പരത്തം ഉള്‍പ്പെടെയുള്ള പാപ്പരത്തങ്ങളും വഞ്ചനകളും ക്രിപ്‌റ്റോ കറന്‍സികളുടെ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകള്‍ നേരിടുന്ന പ്രതിസന്ധികളാണ്.
അറബ് ലോകത്ത് ക്രിപ്‌റ്റോ കറന്‍സികളില്‍ ഏറ്റവുമധികം പേര്‍ നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നത് ഈജിപ്തില്‍ നിന്നാണ്. ഈജിപ്തില്‍ 33.3 ലക്ഷം പേരും രണ്ടാം സ്ഥാനത്തുള്ള യു.എ.ഇയില്‍ 26.3 ലക്ഷം പേരും മൂന്നാം സ്ഥാനത്തുള്ള മൊറോക്കൊയില്‍ 18.5 ലക്ഷം പേരും ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ജനസംഖ്യാനുപാതികമായി ക്രിപ്‌റ്റോ കറന്‍സികളില്‍ ഏറ്റവുമധികം നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നത് യു.എ.ഇ നിവാസികളാണ്. യു.എ.ഇ ജനസംഖ്യയിലെ 27.7 ശതമാനം പേര്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള മൊറോക്കൊയില്‍ ജനസംഖ്യയിലെ 4.9 ശതമാനം പേരും മൂന്നാം സ്ഥാനത്തുള്ള ഈജിപ്തില്‍ ജനസംഖ്യയില്‍ മൂന്നു ശതമാനം പേരും ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.
അറബ് ലോകത്ത് ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തിയതില്‍ നാലാം സ്ഥാനത്ത് അള്‍ജീരിയക്കാരാണ്. അള്‍ജീരിയയില്‍ നിന്നുള്ള 9,94,400 ഓളം പേരും അഞ്ചാം സ്ഥാനത്തുള്ള ഇറാഖില്‍ നിന്നുള്ള 8,22,000 ഓളം പേരും ആറാം സ്ഥാനത്തുള്ള സൗദിയില്‍ നിന്നുള്ള 5,91,200 ഓളം പേരും ഏഴാം സ്ഥാനത്തുള്ള സോമാലിയയില്‍ നിന്നുള്ള 3,42,000 പേരും എട്ടാം സ്ഥാനത്തുള്ള തുനീഷ്യയില്‍ നിന്നുള്ള 2,51,000 പേരും ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ജോര്‍ദാനില്‍ നിന്നുള്ള 1,74,100 പേരും ലെബനോനില്‍ നിന്നുള്ള 1,29,100 പേരും ഫലസ്തീനില്‍ നിന്നുള്ള 1,22,800 പേരും ലിബിയയില്‍ നിന്നുള്ള 63,300 പേരും ഖത്തറില്‍ നിന്നുള്ള 24,000 പേരും ബഹ്‌റൈനില്‍ നിന്നുള്ള 13,200 ഓളം പേരും ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.