Sorry, you need to enable JavaScript to visit this website.

ഓഫീസ് സമയത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമി അളന്നു; വില്ലേജ് ഓഫീസറെ പൊക്കി വിജിലൻസ്

പാലക്കാട് - ഓഫീസ് ജോലിസമയത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമി അളക്കാൻ പോയ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി. പാലക്കാട് പുതുശ്ശേരി സെൻട്രൽ വില്ലേജിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ മുഹമ്മദ് ഗൗസിനെയാണ് വിജിലൻസ് പിടികൂടിയത്. 
 കൈവശമുണ്ടായിരുന്ന 4,000 രൂപ സ്വകാര്യ വ്യക്തികളിൽ നിന്ന് കിട്ടിയതാണെന്ന് വില്ലേജ് ഓഫീസർ സമ്മതിച്ചതായും വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
 രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് ഇൻസ്‌പെക്ടർ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന. പരിശോധനയ്ക്ക് വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ ഒരു ജീവനക്കാരൻ മാത്രമേ ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അളവ് ടേപ്പും ഓഫീസ് രേഖകളുമായി സ്‌പെഷ്യൽ വില്ലേജ് ഓഫീസർ മുഹമ്മദ് ഗൗസ് ഓട്ടോറിക്ഷയിൽ വന്നിറങ്ങുകയായിരുന്നു. ഓട്ടോ ചെലവടക്കം അളവുകൂലി 3,500 രൂപയും മറ്റൊരാൾ ലൊക്കേഷൻ സ്‌കെച്ചിന് 500 രൂപയും തന്നതാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥരോട് വില്ലേജ് ഓഫീസർ സമ്മതിച്ചു. ഇരുപതോളം അപേക്ഷകൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നും മുൻഗണനാക്രമം തെറ്റിച്ച് അപേക്ഷ തീർപ്പാക്കിയതായും പരിശോധനയിൽ കണ്ടെത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
 

Latest News