Sorry, you need to enable JavaScript to visit this website.

പോക്‌സോ കേസിൽ മോൻസൺ മാവുങ്കൽ കുറ്റക്കാരൻ; ജയിലിൽ തുടരും

കൊച്ചി - ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച പോക്‌സോ കേസിൽ മോൻസൺ മാവുങ്കലൽ കുറ്റക്കാരനെന്ന് കോടതി. 2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഴുവൻ വകുപ്പുകളിലും മോൻസൺ കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി വിധി പറഞ്ഞു.  

 സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളിലെല്ലാം മോൻസണ് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ കേസിൽ മാത്രമാണ് ജാമ്യം ലഭിക്കാതിരുന്നത്. പോക്‌സോ കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ മോൻസൺ ഇനിയും ജയിലിൽ തന്നെ തുടരും. 
രണ്ട് വർഷത്തോളം കാലം തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ആ കാലയളവില് തനിക്ക് പ്രായൂർത്തിയായിരുന്നില്ലെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. എന്തുകൊണ്ട് പരാതി പറയാൻ വൈകിയെന്നും ഇത് തന്നെ കുടുക്കാനുള്ള ശ്രമമാണെന്നുമായിരുന്നു മോൻസന്റെ വാദം. എന്നാൽ ഭീഷണി ഭയന്നാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

പോക്‌സോ നിയമത്തിലെ 7,8 വകുപ്പുകളും ഐ.പി.സി 370 (പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുവയ്ക്കൽ), 342 (അന്യായമായി തടവിൽ പാർപ്പിക്കൽ), 354 എ (സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം), 376 (ബലാത്സംഗം), 313 (സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ), 506(ഭീഷണിപ്പെടുത്തൽ) തുടങ്ങിയവയാണ് മോൻസണെതിരെ ചുമത്തിയ കുറ്റങ്ങൾ. ഇതിലെല്ലാം മോൻസൺ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു. കോടതി ഇന്ന് ഉച്ചയ്ക്കുശേഷം ശിക്ഷ വിധിക്കും. 
മോൻസന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മകളാണ് കേസിലെ പരാതിക്കാരി. കുട്ടിയ്ക്ക് വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് വിവിധ സമയങ്ങളിലായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.


  അതിനിടെ, സാമ്പത്തിക തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് പങ്കില്ലെന്ന് മോൻസൻ മാവുങ്കൽ ആവർത്തിച്ചു. പോക്‌സോ കേസിൽ കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മോൻസന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പി.എസ് വരെ ഇടപെട്ട കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും മോൻസൻ നേരത്തെയും വെളിപ്പെടുത്തിയിരുന്നു.
 

Latest News