കൊച്ചി - വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് മോൻസൺ മാവുങ്കൽ തന്റെ വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചുവെന്ന പോക്സോ കേസിൽ വിധി ഇന്നുണ്ടായേക്കും. വിചാരണ പൂർത്തിയായ കേസിൽ എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുക.
വിവിധ വാഗ്ദാനങ്ങൾ നൽകി വീട്ടുജോലിക്കാരിയുടെ മകളെ മോൺസന്റെ വീടുൾപ്പെടെ വ്യത്യസ്ത സ്ഥലങ്ങളിൽ വച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടക്കുമ്പോൾ 17 വയസായിരുന്നു പെൺകുട്ടിക്ക്.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019-ലാണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021-ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്. മോൻസണെ ഭയന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് അമ്മ പോലീസിന് നൽകിയ മൊഴിയിലുള്ളത്. കഴിഞ്ഞ ദിവസമാണ് കേസിലെ വിചാരണ പൂർത്തിയായത്.
മോൻസനെതിരെ പത്തിലേറെ കേസുകൾ നിലവിലുണ്ട്. ഇതിൽ വാദം പൂർത്തിയാക്കി വിചാരണ കഴിഞ്ഞ് വിധി പറയുന്ന ആദ്യ കേസാവും 17-കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്.