മക്ക - കൂറ്റൻ സ്‌ക്രീനിൽ ലോകകപ്പ് മത്സരം വീക്ഷിക്കുന്നതിന് സൗകര്യമൊരുക്കി മണവാളന്റെ വിവാഹാഘോഷം വേറിട്ട അനുഭവമായി. വെള്ളിയാഴ്ച രാത്രി നടന്ന ബ്രസീൽ-ബെൽജിയം മത്സരം വീക്ഷിക്കുന്നതിനാണ് മണവാളൻ സൗദി യുവാവ് മുഹമ്മദ് സ്വാലിഹ് അൽഖുറശി അതിഥികൾക്ക് സൗകര്യമൊരുക്കിയത്. ഫുട്‌ബോൾ പ്രേമികളായ അതിഥികളുടെ താൽപര്യം കണക്കിലെടുത്താണ് വിവാഹാഘോഷത്തിനിടെ നടന്ന മത്സരം തൽക്ഷണം വീക്ഷിക്കുന്നതിന് മണവാളൻ ക്രമീകരണം ഒരുക്കിയത്. ഇതിലൂടെ ഒരേസമയം കളി കാണുന്നതിനും വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനും എല്ലാവർക്കും സാധിച്ചു. വിവാഹ ഓഡിറ്റോറിയത്തിൽ 90 മിനിറ്റോളം നേരം അതിഥികൾ സ്‌ക്രീനിനു മുന്നിൽ കുത്തിയിരുന്ന് ആവേശം ഒട്ടും ചോരാതെ കളി കണ്ടു. ആവേശകരമായ മത്സരം നടക്കുന്ന സമയത്ത് വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിന് എത്തുകയും തന്നെ ആശീർവദിക്കുകയും ചെയ്ത എല്ലാവർക്കും മണവാളൻ നന്ദി പറഞ്ഞു. മത്സരത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് കളി കാണുന്നതിന് അതിഥികൾക്ക് അവസരമൊരുക്കിയത്. ഇതിലൂടെ അതിഥികളെ തൃപ്തിപ്പെടുത്തുന്നതിനും അവരുടെ മനസ്സുകളിൽ സന്തോഷം നിറക്കുന്നതിനും സാധിച്ചതായും മുഹമ്മദ് സ്വാലിഹ് അൽഖുറശി പറഞ്ഞു.